കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയമുറപ്പിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 468 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ്. ഡാരൻ ബ്രാവോയും (18), ഷമാർ ബ്രൂക്ക്സുമാണ് (4) ക്രീസിൽ. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിൻഡീസിന് ജയിക്കാൻ 423 റൺസ് കൂടി വേണം. ജോൺ കാംബെൽ (16), ക്രെയ്ഗ് ബ്രാത്വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും വിക്കറ്റുകൾ പങ്കിട്ടു. നേരത്തെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 117 റൺസിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 299 റൺസ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഹനുമ വിഹാരിയും (53) അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ (6) വീണ്ടും പരാജയമായപ്പോൾ മായങ്ക് അഗർവാൾ വെറും നാലു റൺസുമായി മടങ്ങി. പൂജാര 27 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ കോലിയെ റോച്ച് ആദ്യ പന്തിൽ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി. വീൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്ന വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 117 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയർക്ക് 30 റൺസിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി. റഖീം കോൺവാൾ (14), ജഹ്മർ ഹാമിൽട്ടൻ (5), കെമാർ റോച്ച് (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിൻഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഷമി 150 വിക്കറ്റുകൾ പൂർത്തിയാക്കി. 34 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. അഞ്ചു ബാറ്റ്സ്മാൻമാർ ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി. ബുംറയുടെ ഹാട്രിക് ടെസ്റ്റ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളിൽ ഷമാർ ബ്രൂക്ക്സിനെയും റോസ്റ്റൺ ചേസിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങൾ. വിഹാരിയുടെ സെഞ്ചുറിയിൽ ഇന്ത്യ നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസെടുത്ത വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമ (57) വിഹാരിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുക്കെട്ടാണിത്. രണ്ടാം ദിനം അഞ്ചിന് 264 റൺസെന്ന നിലയിൽ കളി തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി. Content Highlights:West Indies vs India, 2nd Test, day 3
from mathrubhumi.latestnews.rssfeed https://ift.tt/32mYBrT
via
IFTTT