ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാർജിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ ഫോനി ചുഴലിക്കാറ്റ് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയാർജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുണ്ട്. ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതിതീവ്രത കൈവരിക്കുന്നതോടെ170-200 വരെ വേഗതയിൽ കാറ്റുവീശുമെന്നാണ് കരുതുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒഡീഷ തീരം സ്പർശിച്ച് പശ്ചിമബംഗാൾ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുക. കാറ്റുവീശാൻ സാധ്യതയുള്ള മേഖലയിൽ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാൻ മുന്നറിയിപ്പുണ്ട്. ജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാനും നിർദേശമുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കൻ തീരത്തും തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാവികസേനയും കോസ്റ്റ് ഗാർഡും തയ്യാറെടുത്തു കഴിഞ്ഞതായും കപ്പലുകളും ഹെലികോപ്റ്ററുകളും തയ്യാറാക്കിയതായും അധികൃതർ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവടങ്ങളിൽ വ്യോമസേനയും തയ്യാറെടുത്തിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ സേന ഈ സംസ്ഥാനങ്ങളിൽ തങ്ങളുടെ 41 വിഭാഗങ്ങളെ വിന്യസിക്കും. കാറ്റ് അകന്നുപോകുന്നതിനാൽ കേരളത്തിൽ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ, വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. Content Highlights:Fani Cyclone, high alert, Odisha, Tamil Nadu, Andhra Pradesh, Cyclonic Storm, kerala weather
from mathrubhumi.latestnews.rssfeed http://bit.ly/2vxAIj8
via
IFTTT