Breaking

Wednesday, September 26, 2018

ഗായകൻ കൊച്ചിൻ ആന്റോ വിടപറഞ്ഞു

കൊണ്ടോട്ടി: ഗസൽ സന്ധ്യകളും ഗാനമേളകളും സംഘടിപ്പിച്ചും ഹിന്ദുസ്ഥാനിസംഗീതം പഠിപ്പിച്ചും ഹാർമോണിയം വിദ്വാനായും കൊണ്ടോട്ടിയുടെ സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൊച്ചിൻ ആന്റോ (88) അന്തരിച്ചു. മുക്കം കെ.എം.സി.ടി. ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കൊണ്ടോട്ടി ബസ്സ്റ്റാൻഡിൽ ശരീരംതളർന്നു കിടക്കുകയായിരുന്ന ആന്റോയെ കഴിഞ്ഞമാസമാണ് സുമനസ്സുകൾ ചേർന്ന് തൃത്താല മുടവന്നൂരിലെ സ്നേഹനിലയത്തിലെത്തിച്ചത്. ഒരുവശം തളർന്നുപോയ ആന്റോയ്ക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങൾ സ്നേഹനിലയത്തിൽനിന്ന് നൽകിവന്നിരുന്നു. അവിടെനിന്നാണ് ചികിത്സാർഥം മുക്കത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് 1950-കളിൽ ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടകട്രൂപ്പിലൂടെ സ്ത്രീശബ്ദത്തിൽ പാടിയാണ് കൊച്ചിൻ ആന്റോ കലാരംഗത്ത് ചുവടുറപ്പിച്ചത്. ഇക്കാലത്ത് സംഗീതജ്ഞരായ ദക്ഷിണാമൂർത്തി, ദേവരാജൻ, അഭിനേതാക്കളായ നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി തുടങ്ങിയവരുടെയൊക്കെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറത്തെയും കോഴിക്കോട്ടെയും കല്യാണവീടുകളിൽ ആന്റോയുടെ പാട്ടില്ലാത്ത ആഘോഷങ്ങൾ കുറവായിരുന്നു. എറണാകുളം വൈപ്പിനിൽ ജോസഫിന്റെയും മേരിയുടെയും മകനായ ആന്റോ നന്നേ ചെറുപ്പത്തിൽ വീടുവിട്ടിറങ്ങി. പള്ളിയിലെ ഗായകസംഘത്തോടൊപ്പംകൂടിയാണ് സംഗീത ലോകത്തെത്തിയത്. കോഴിക്കോട്ടെ ഒരു കല്യാണ വീട്ടിൽവെച്ച് എം.എസ്. ബാബുരാജിനെ കണ്ട ആന്റോ അദ്ദേഹത്തോടൊപ്പം കൂടി. സഞ്ചരിക്കുന്ന നാടകട്രൂപ്പിൽ അംഗമായ ആന്റോ ബാബുരാജിനൊപ്പമാണ് കൊണ്ടോട്ടിയിലെത്തിയത്. കൊണ്ടോട്ടിയിൽനിന്ന് തിരിച്ചുപോകാതെ തദ്ദേശവാസിയായ കുഞ്ഞാലൻകുട്ടിയുടെ വീട്ടിൽ താമസമാക്കിയ ആന്റോ അദ്ദേഹത്തിന്റെ മകൻ അസീസിനൊപ്പം ചേർന്ന് ഗ്ലാമർ മ്യൂസിക് ക്ലബ്ബ് എന്ന പേരിൽ സംഗീതട്രൂപ്പ് സ്ഥാപിച്ചു. കാസർകോട് കുമാർ ഉസ്താദ്, തിരൂർ ഷാ, കോഴിക്കോട്ടെ വിൻസെന്റ് മാസ്റ്റർ തുടങ്ങിയവരിൽനിന്നെല്ലാം സംഗീതംപഠിച്ച ആന്റോ ഏറെക്കാലം കോഴിക്കോട്ടെ ജോൺപീറ്ററിന്റെ നാടകട്രൂപ്പിൽ പെൺശബ്ദമായിരുന്നു. അവിവാഹിതനായിരുന്ന ആന്റോ സ്ഥിരമായി റംസാൻ നോമ്പെടുത്തിരുന്നു. ശവസംസ്കാരം ബുധനാഴ്ച 10ന് തൃത്താല സ്നേഹതീരത്ത് നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2O9RbF2
via IFTTT