Breaking

Wednesday, September 26, 2018

വരുന്നു ‘ട്രെയിൻ -18’; ഓടുന്നത് എൻജിനില്ലാതെ

മുംബൈ: ഇന്ത്യൻ റെയിൽവേയിൽ വിപ്ലവകരമായ മാറ്റം വിളിച്ചോതി 'ട്രെയിൻ -18' വരുന്നു. അടുത്ത ജനുവരി മുതൽ ഡൽഹിയിൽനിന്ന് ഭോപാലിലേക്ക് ഓടുന്ന ഈ വണ്ടിക്ക് മറ്റു ദീർഘദൂര വണ്ടികളിലേതുപോലെ ലോക്കോമോട്ടീവ് എൻജിൻ ഉണ്ടാവില്ല. രാജ്യത്ത് ആദ്യമായി എൻജിനില്ലാതെ ഓടുന്ന വണ്ടിയാകും ട്രെയിൻ-18. നിലവിലുള്ള ഡൽഹി-ഭോപാൽ ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് വണ്ടി ഓടുക. നഗരങ്ങളിൽ ഓടുന്ന മെട്രോ ട്രെയിനുകൾക്കും സബർബൻ വണ്ടികൾക്കും (ഇ.എ.യു.) സമാനമായിരിക്കും ഈ വണ്ടി. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഈ വണ്ടിക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗം ആർജിക്കാൻ കഴിയും. നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ഗതിമാൻ എക്സ്പ്രസ്സിന്റെ അതേ വേഗം. മുഴുവനായി ശീതീകരിച്ച വണ്ടിയിൽ യൂറോപ്യൻരീതിയിൽ രൂപകൽപ്പന ചെയ്ത, യാത്രികന് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. താനെ അടയുന്ന സ്ലൈഡിങ് വാതിലുകൾ, ഏറെ നീളത്തിലുള്ള ജനവാതിലുകൾ എന്നിവയൊക്കെ പ്രത്യേകതകൾ. 2018-ൽ നിർമിക്കാൻ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിൻ-18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിൻ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാൻ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എൻജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയിൽ എക്സ്പ്രസ് വണ്ടികളിൽ എൻജിന് സമീപത്തായിരിക്കും വൈദ്യുതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിച്ചിരിക്കുക. ട്രെയിൻ-18 ൽ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകൾ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളുള്ള വണ്ടിയിൽ എട്ട് കോച്ചുകൾ ഇത്തരത്തിലുള്ളതാകും. കോച്ചുകളിലെ മറ്റു സംവിധാനങ്ങൾ പ്രവർത്തിക്കാനുള്ള വൈദ്യുതിയും ഇവിടെനിന്നു ലഭിക്കും. അടുത്ത മാസംതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിൻ പുറത്തിറങ്ങും. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷമായിരിക്കും ജനുവരിയിൽ ഇത് ഡൽഹിക്കും ഭോപാലിനുമിടയിൽ ഓടുക. പരീക്ഷണം വിജയിച്ചാൽ ഇത്തരത്തിലുള്ള കൂടുതൽ വണ്ടികൾ പുറത്തിറക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NE81MF
via IFTTT