ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് രാജ്യസഭാ അംഗമായ താൻ സുപ്രീം കോടതി സമീപിച്ചിരിക്കുന്നതെന്നും കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നടന്ന ചോർത്തലിന് രണ്ട് മാനങ്ങൾ ഉണ്ടെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് ആരോപിക്കുന്നു. ഒന്നുകിൽ കേന്ദ്ര സർക്കാരിന്റെ ഏജൻസികളാണ് ചോർത്തൽ നടത്തിയിരിക്കുന്നത്. പൊതുപണം എടുത്ത് അനധികൃതമായി രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെയുള്ള ഫോൺ ചോർത്തിയത് അനുവദിക്കാനാകില്ല. വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ ഫോൺ ചോർത്തിയത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ജഡ്ജിമാരുടെയും സുപ്രീം കോടതി ജീവനക്കാരുടെയും ഫോണുകൾ നിരീക്ഷിച്ചത് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തിന്റെ ഫോൺ ചോർത്തിയത് നിഷ്പക്ഷ തിരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ്. അതീവരഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥരുടെ ഫോണുകൾ വിദേശ ഏജൻസികൾക്ക് ലഭ്യമാക്കിയത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയുംബാധിക്കുന്ന വിഷയമാണെന്നും റിട്ട് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗാസസ് നിർമ്മാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരെ വാട്സ്ആപ്പും ഫേസ്ബുക്കും കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ പെഗാസസ് ഉപയോഗിച്ച് പല രാജ്യങ്ങളിലും നിരീക്ഷണം നടത്തുന്നതായി എൻ.എസ്.ഒ. ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷക രശ്മിത രാമചന്ദ്രൻ മുഖേനെ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര, ഐടി, വാർത്തവിനിമയ മന്ത്രാലയങ്ങളെ എതിർ കക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹർജിയാണ് ജോൺ ബ്രിട്ടാസിന്റേത്. Content Highlights: John Brittas approach sc seeks inquiry in pegasus phone tapping
from mathrubhumi.latestnews.rssfeed https://ift.tt/3iBQgu0
via
IFTTT