ടോക്യോ: ഗ്രാൻഡ് സ്ലാം കിരീടങ്ങളെക്കാളും ലോക ഒന്നാംനമ്പർ പദവിയെക്കാളും മൂല്യമുള്ള പദവിയാണ് ജപ്പാൻ അവരുടെ വീരപുത്രിക്കായി കരുതിവെച്ചിരുന്നത്. ലോകത്തിന്റെ കായിക മാമാങ്കത്തിന് തിരിതെളിക്കാനുള്ള അസുലഭ അവസരം. ഇതോടെ ലോക കായികരംഗത്ത് ഒസാക്ക വീണ്ടും തിളങ്ങുന്ന നക്ഷത്രമായി. ദീപശിഖാ പ്രയാണത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കാളികളായി. നിരവധി കോവിഡ് രോഗികളെ ചികിത്സിച്ച ഒരു ഡോക്ടറും നഴ്സും ഇവരിൽ പെടുന്നു. വർണവിവേചനത്തിനെതിരേ തുറന്നനിലപാടുകളുമായി കായികരംഗത്ത് നിറഞ്ഞുനിന്ന ഒസാക്കയുടെ കരിയർ അടുത്തിടെ വിവാദങ്ങളുടെ പിടിയിലായിരുന്നു. മത്സരശേഷമുള്ള പത്രസമ്മേളനങ്ങളിൽ പങ്കെടുക്കില്ലെന്ന തീരുമാനവും ഫ്രഞ്ച് ഓപ്പണിനിടെയുള്ള പിൻവാങ്ങലും അവരെ വിവാദനായികയാക്കി. താൻ വിഷാദത്തിന്റെ പിടിയിലാണെന്ന അവരുടെ തുറന്നുപറച്ചിൽ ലോകം അനുഭാവപൂർവം കേട്ടു. ഒസാക്കയ്ക്കു പിന്തുണയുമായി കായികതാരങ്ങൾ പലരുമെത്തി. ഫ്രഞ്ച് ഓപ്പണുപിന്നാലെ വിംബിൾഡണിൽനിന്നും അവർ പിന്മാറി. കരിയറിലെയും വ്യക്തിജീവിതത്തിലെയും ഈ പ്രതിസന്ധിക്കിടയിൽ ജപ്പാൻ അവരുടെ പ്രിയപുത്രിയെ കൈപിടിച്ചുകയറ്റുന്നതാണ് ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനവേദിയിൽ കണ്ടത്. Content Highlights: Tokyo 2020 Naomi Osaka lights flame
from mathrubhumi.latestnews.rssfeed https://ift.tt/3kQGVl2
via
IFTTT