ചെന്നൈ: സാമ്പത്തികത്തട്ടിപ്പുകേസിൽ തഞ്ചാവൂരിലെ ഹെലികോപ്റ്റർ സഹോദരങ്ങളുടെ പേരിൽ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് കേസെടുത്തു. സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിവന്ന കുംഭകോണം സ്വദേശികളായ എം.ആർ. ഗണേഷ്, എം.ആർ. സ്വാമിനാഥൻ എന്നിവരുടെ പേരിലാണ് കേസ്. ഹെലികോപ്റ്റർ സ്വന്തമായുള്ളതിനാലാണ് ഇവർ ആ പേരിൽ അറിയപ്പെടുന്നത്. തുക ഇരട്ടിയായി തിരിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്ത് സഹോദരങ്ങൾ ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ, കോവിഡിന്റെ പേരുപറഞ്ഞ് ഇവർ പലർക്കും പണം തിരിച്ചുനൽകാതായി. 15 കോടി രൂപ നഷ്ടപ്പെട്ടെന്ന് ദുബായിൽ വ്യവസായികളായ ദമ്പതിമാർ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നാണ് കണക്കുകൂട്ടുന്നത്. പണം നഷ്ടമായ ചിലർചേർന്ന് കുംഭകോണത്തും പരിസരങ്ങളിലും 600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. സർക്കാർ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ആറ് വർഷങ്ങൾക്ക് മുമ്പാണ് ഗണേഷും സ്വാമിനാഥനും കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്. ആദ്യം ഡയറി വ്യവസായം തുടങ്ങി. വിക്ടറി ഫിനാൻസ് എന്ന സാമ്പത്തിക സ്ഥാപനവും നടത്തിവന്നു. 2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഏവിയേഷൻ കമ്പനിയും രജിസ്റ്റർ ചെയ്തു. പിന്നീടാണ് ഒരുവർഷത്തിനകം പണം ഇരട്ടിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. തുടക്കത്തിൽ വാഗ്ദാനം പാലിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ നിക്ഷേപകർ പണം ആവശ്യപ്പെട്ടതോടെ ഇവർ കൈയൊഴിയുകയായിരുന്നു. കഴിഞ്ഞദിവസം പ്രതികളുടെ ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം മാനേജരെ അറസ്റ്റുചെയ്തു. എന്നാൽ, പ്രധാനപ്രതികളായ ഗണേഷും സ്വാമിനാഥനും രക്ഷപ്പെട്ടു. ഇരുവരുടെയും 12 കാറുകൾ പോലീസ് പിടിച്ചെടുത്തു. സഹോദരങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു. ബി.ജെ.പി.യുടെ വ്യവസായ വിഭാഗത്തിന്റെ തഞ്ചാവൂർ ജില്ലാ പ്രസിഡന്റായിരുന്നു ഗണേഷ്. തട്ടിപ്പുകേസ് പുറത്തുവന്നതോടെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കി. content highlights:Helicopter brothers of Tamil Nadus Kumbakonam fly off with Rs 600 crore in get-rich-quick swindle
from mathrubhumi.latestnews.rssfeed https://ift.tt/3eLL1qL
via
IFTTT