Breaking

Tuesday, September 22, 2020

തനിച്ച് കഴിയുന്നതില്‍ പേടി; കോടീശ്വരന്‍ ഓട്ടത്തിലാണ്...

കൊച്ചി: തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനത്തിനർഹനായതോടെ കോടീശ്വരനായി മാറിയ അനന്തു വിജയൻ എന്ന 24-കാരൻ ആർക്കും പിടികൊടുക്കാതെ ഓട്ടത്തിലാണ്. കൊച്ചി നഗരത്തിൽ തന്നെ തേടിയിറങ്ങിയവരുടെ മുന്നിൽപ്പെടാതെ അനന്തു ഇടുക്കിയിലെ തന്റെ വീട്ടിലെത്തി. തിങ്കളാഴ്ച രാവിലെ കൂട്ടുകാർ എത്തിച്ച കാറിലാണ് അനന്തു വീട്ടിലേക്ക് തിരിച്ചത്. കൊച്ചിയിൽ തനിച്ച് കഴിയുന്നതിൽ പേടിയുണ്ടെന്ന് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ഇടുക്കിയിലെ കൂട്ടുകാർ രാവിലെ കാറുമായി കൊച്ചിയിലെത്തിയത്. ലോട്ടറി അടിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അനന്തുവിനെ തേടി നിലയ്ക്കാത്ത ഫോൺ വിളികൾ എത്തിയെങ്കിലും എവിടെയാണ് താൻ നിലവിൽ നിൽക്കുന്നതെന്ന് പുറത്തുവിട്ടിരുന്നില്ല. അനന്തു കടവന്ത്ര പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിലെ അക്കൗണ്ടന്റാണെന്ന് അറിഞ്ഞതോടെ ഇവിടേക്കും അനന്തുവിനെ തേടി ആളുകൾ എത്തിയിരുന്നു. എന്നാൽ ക്ഷേത്ര വളപ്പിലെ മുറിയിലാണ് അനന്തു തങ്ങുന്നതെന്ന വിവരം ക്ഷേത്രം ജീവനക്കാർ വെളിപ്പെടുത്തിയില്ല. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിനടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ ടിക്കറ്റ് കൈമാറുകയും ചെയ്തു. ലോട്ടറി അടിച്ച വിവരം മാതാപിതാക്കളെയും അടുപ്പമുള്ള കൂട്ടുകാരോടും ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും അറിയിച്ചിരുന്നു. വിവരം രഹസ്യമായി വെക്കണമെന്ന് അനന്തു പ്രത്യേകം എല്ലാവർക്കും നിർദേശം നൽകിയിരുന്നു. രാത്രി ഉറങ്ങാൻ ശ്രമിച്ചെങ്കിലും അധിക സമയം ഉറങ്ങാനായില്ലെന്ന് അനന്തു പറഞ്ഞു. ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന ഭയത്തിലായിരുന്നു അനന്തുവെന്ന് ക്ഷേത്രത്തിലെ സഹ ജീവനക്കാർ പറഞ്ഞു. അനന്തുവും താനും ഒരുമിച്ചായിരുന്നു ലോട്ടറിയെടുത്തിരുന്നതെന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായ ടി.കെ. രാധാകൃഷ്ണൻ പറഞ്ഞു. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് എടുത്ത ദിവസം ജോലിയുള്ളതിനാൽ അനന്തുവിനൊപ്പം പോകാനായില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. രണ്ട് വർഷത്തോളമായി അനന്തു പൊന്നേത്ത് ക്ഷേത്രത്തിലുണ്ട്. പഠനത്തിനു മുമ്പും രണ്ട് കൊല്ലത്തോളം ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നു. പുളിയൻമല ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പുളിയൻമലയിലെ ഒരു കടയിലും അനന്തു ജോലി ചെയ്തിട്ടുണ്ട്. സഹോദരിയുടെ വിവാഹം നടത്തണം, ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നതുമാണ് തന്റെ ആഗ്രഹമെന്ന് അനന്തു പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ക്ഷേത്രത്തിലെ ജോലി തുടരാൻ തന്നെയാണ് അനന്തുവിന്റെ ഉദ്ദേശ്യം. മറ്റു കാര്യങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അനന്തു പറഞ്ഞു Content Highlight : kerala lottery onam bumper winner 2020


from mathrubhumi.latestnews.rssfeed https://ift.tt/35UTXpY
via IFTTT