Breaking

Friday, September 25, 2020

തിരക്കിനനരുസരിച്ച് സിഗ്നല്‍ മാറും, കാല്‍നടയാത്രക്കാര്‍ക്കും നിയന്ത്രിക്കാം: ഇന്റലിജന്റ് സിഗ്നലിങ്

തിരക്കുള്ള സമയത്ത് റോഡ് മുറിച്ചുകടക്കുന്നത് ശ്രമകരമാണ്. വാഹനങ്ങൾക്ക് നടുവിലൂടെ മറുവശത്തെത്താൻ ട്രാഫിക് പോലീസ് തന്നെ സഹായിക്കേണ്ടി വരും. കാൽനട യാത്രക്കാർക്ക് വാഹനങ്ങളെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാലോ... കൊച്ചിയിൽ ഈ സംവിധാനത്തിനായി ഇനി അധികം കാത്തിരിക്കേണ്ട. നഗര പരിധിയിലെ ഗതാഗതം സ്മാർട്ടാക്കുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റിന്റെ (ഐ.ടി.എം.എസ്.) ഭാഗമായി ഈ സൗകര്യവും യാഥാർത്ഥ്യമാകും. വിദേശ രാജ്യങ്ങളിൽ സാധാരണമായ പെലിക്കൻ സിഗ്നൽ കൊച്ചിയിൽ നാലിടങ്ങളിലാണുണ്ടാവുക. ഇടപ്പള്ളി, കലൂർ, മേനക, എറണാകുളം ബോട്ടുജെട്ടി എന്നിവിടങ്ങളിലാണിത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ ഗതാഗതം സ്മാർട്ടാക്കാനുള്ള ശ്രമങ്ങൾ. ഐ.ടി.എം.എസ്. അടുത്ത മാസം 15-ഓടെ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. ജാഫർ മാലിക് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. 30 കോടി രൂപയാണ് പദ്ധതിച്ചെലവ്. കെൽട്രോൺ ആണിത് തയ്യാറാക്കിയത്. ഇന്റലിജന്റ് ഗതാഗത നിയന്ത്രണമാണ് കൊച്ചിയിൽ നടപ്പാക്കുന്നതെന്ന് അധികൃതർ പറയുന്നു. കൊച്ചി നഗരസഭാ പരിധിയിലെ 35 ജങ്ഷനുകളാണ് പദ്ധതിയിലുള്ളത്. തിരക്കനുസരിച്ച് മാറും സിഗ്നൽ റോഡിലെ തിരക്കനുസരിച്ച് ഇനി സിഗ്നലുകൾ സ്വയം മാറും. ഒരു വരിയിൽ വാഹനങ്ങൾ കൂടുതലുണ്ടെങ്കിൽ അതിനനുസരിച്ച് സിഗ്നലുകൾ സ്വയം ക്രമീകരിക്കും. വെഹിക്കിൾ ആക്ച്വേറ്റഡ് സിഗ്നൽ സംവിധാനം വഴിയാണിത്. ജോസ് ജങ്ഷൻ, കലൂർ, ഹൈക്കോടതി, കടവന്ത്ര, വൈറ്റില, തേവര എന്നിവിടങ്ങളിലുൾപ്പെടെ 21 ജങ്ഷനുകളിൽ ഈ വെഹിക്കിൾ ആക്ച്വേറ്റഡ് സിഗ്നൽ സംവിധാനം ഉണ്ടാകും. ഗതാഗത നിയമ ലംഘനം കണ്ടെത്താനും വഴിയുണ്ട്. ദേശീയ-സംസ്ഥാന പാതകളിൽ മാത്രമുള്ള ട്രാഫിക് വയലേഷൻ ക്യാമറകൾ 35 ജങ്ഷനുകളിൽ സ്ഥാപിക്കും. ഹൈക്കോടതി ജങ്ഷൻ, മാധവ ഫാർമസി ജങ്ഷൻ, തേവര ജങ്ഷൻ, കടവന്ത്ര ജങ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ ലംഘനം കണ്ടെത്താനുള്ള സംവിധാനമുണ്ടാകും. നഗരത്തിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഏകോപിപ്പിക്കുക കൺട്രോൾ സെന്ററാണ്. എറണാകുളം റവന്യൂ ടവറിന്റെ പന്ത്രണ്ടാം നിലയിലാണ് സെന്റർ പ്രവർത്തിക്കുക. ലക്ഷ്യങ്ങൾ ഇങ്ങനെ ഗതാഗത നിയന്ത്രണം നിയമങ്ങൾ നടപ്പാക്കൽ സിഗ്നൽ ലംഘനം, അമിത വേഗം എന്നിവ കണ്ടെത്തൽ. ഗതാഗതം സുരക്ഷിതമാക്കുകണം Content Highlights:Smart, Intelligent Traffic System Implement In Kochi


from mathrubhumi.latestnews.rssfeed https://ift.tt/3mPBl0L
via IFTTT