Breaking

Tuesday, September 29, 2020

ശക്തമായ കാറ്റ്: രാമക്കല്‍മേട്ടില്‍ സോളാര്‍ പ്ലാന്റിലെ പാനലുകള്‍ വനത്തിലേക്ക് പറന്നുപോയി

നെടുങ്കണ്ടം: ഇടുക്കി രാമക്കൽമേട്ടിൽ സൗരോർജ പവർ പ്ലാന്റിലെ നിരവധി സോളാർ പാനലുകൾ ശക്തമായ കാറ്റിൽ നശിച്ചു. കോടികൾ മുടക്കിയ വൈദ്യുതി പദ്ധതിയിലെ സോളാർ പാനലുകളാണ് കാറ്റിൽ തമിഴ്നാട്ടിലെ വനമേഖലയിലേക്ക് പറന്നുപോയത്. പദ്ധതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. നെടുങ്കണ്ടത്തിനു സമീപം രാമക്കൽമേട് ആമപ്പാറ മലനിരകളിലാണ് പുതിയ പദ്ധതിക്ക് അനർട്ട് തുടക്കം കുറിച്ചത്. എന്നാൽ നിർമാണം ആരംഭിച്ച് അറുപത് ശതമാനം പൂർത്തിയായതോടെ അധികൃതർ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. ആദ്യഘട്ടത്തിൽ ഒരു മെഗാവാട്ടും പിന്നീട് മൂന്ന് മെഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി. ആരും ശ്രദ്ധിക്കാനില്ലാതായതോടെ ഇവിടം മദ്യപസംഘങ്ങളുടെ പിടിയിലായി. കുറച്ചുമാസം മുൻപ് ഇവിടുള്ള സോളാർ പാനലുകളിൽ ചിലത് കല്ലുകൊണ്ട് ഇടിച്ച് നശിപ്പിച്ചത് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ നിരവധി സോളാർ പാനലുകൾ തമിഴ്നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോയത്. കുറച്ച് പാനലുകൾ വനത്തിൽനിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാർ പാനലുകൾ പറന്നുപോകാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അമ്പതിലധികം വരുന്ന പാനലുകൾ പറന്നുപോയതായും പ്രദേശവാസികൾ പറയുന്നു. അതേസമയം പറന്നുപോയ പാനലുകൾക്ക് പകരം പുതിയവ സ്ഥാപിക്കുമെന്നാണ് അനർട്ട് അധികൃതർ പറയുന്നത്. ഇൻഷുറൻസ് തുക ലഭിക്കുന്ന മുറയ്ക്ക് പദ്ധതി പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഓൺലൈനിൽ ചേർന്നു. സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണ് രാമക്കൽമേട്. content highlights:solar panels destructed due to strong wind in ramakkalmedu


from mathrubhumi.latestnews.rssfeed https://ift.tt/3n0Zb9W
via IFTTT