ന്യൂഡൽഹി: എൻ.ഡി.എ.യിലെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ (എസ്.എ.ഡി.) കാർഷിക ബില്ലുകളെ എതിർത്ത് സഖ്യം വിടുന്നത് ബി.ജെ.പി.ക്ക് തിരിച്ചടിയായി. ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രിയെ പിൻവലിച്ച എസ്.എ.ഡി. ശനിയാഴ്ച വൈകീട്ടാണ് സഖ്യം വിടുന്നതായി പ്രഖ്യാപിച്ചത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ കാർഷികമേഖലയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ടാണ് എസ്.എ.ഡി.യുടെ നീക്കം. ബില്ലിനെതിരേ പ്രതിപക്ഷം ഒന്നിക്കണമെന്ന ആഹ്വാനവും പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ ഉയർത്തിയിട്ടുണ്ട്. 1997 മുതൽ നിലവിലുള്ള അകാലിദൾ-ബി.ജെ.പി. സഖ്യമാണ് ഇതോടെ തകർന്നത്. നൗ-മാസ് ദ രിഷ്ട (നഖവും വിരൽ മാംസവും തമ്മിലുള്ള ബന്ധം പോലെ) എന്ന് അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദൽ വിശേഷിപ്പിച്ച ബന്ധമായിരുന്നു അത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുള്ളതിനാൽ മോദി സർക്കാരിന് പ്രതിസന്ധിയില്ലെങ്കിലും അകാലിദളിന്റെ വിട്ടുപോക്ക് പഞ്ചാബ് രാഷ്ട്രീയത്തിൽ എൻ.ഡി.എക്ക് കനത്ത തിരിച്ചടിയാകും. ശിവസേന, ടി.ഡി.പി., ആർ.എൽ.എസ്.പി. എന്നീ സഖ്യകക്ഷികൾക്കു പിന്നാലെയാണ് അകാലിദളും എൻ.ഡി.എ. വിടുന്നത്. കാർഷികബില്ലിനോടുള്ള എതിർപ്പ് സഖ്യം വെടിയാനുള്ള കാരണമാക്കിയെങ്കിലും അകാലിദളും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു വർഷമായി നല്ല നിലയിലല്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടിയതിനാൽ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ ബി.ജെ.പി.ക്കില്ല. അതിനാൽ സഖ്യകക്ഷികളുടെ ആവശ്യങ്ങളും നിലപാടുകളും ബി.ജെ.പി. പരിഗണിക്കുന്നില്ല എന്ന പരാതി എസ്.എ.ഡി. നിരന്തരം ഉന്നയിക്കുന്നുണ്ട്. ഡൽഹി തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതും പൗരത്വ നിയമത്തോടുള്ള എതിർപ്പും അകാലിദൾ പലവട്ടം ഉന്നയിച്ചെങ്കിലും എൻ.ഡി.എ. ചർച്ച ചെയ്തില്ല. ഈ സാഹചര്യത്തിൽ കാർഷിക ബില്ലുകൾ ചൂണ്ടിക്കാട്ടി പുറത്തുകടക്കുകയാണ് രാഷ്ട്രീയപരമായി ഗുണം ചെയ്യുക എന്ന് നേതാക്കൾ കണക്കുകൂട്ടി. രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, രാം ദാസ് അഠാവ്ലെയുടെ ആർ.പി.ഐ. എന്നീ കക്ഷികൾ മാത്രമാണ് ഇനി എൻ.ഡി.എ. സഖ്യത്തിൽ ബാക്കിയുള്ളത്. ബിഹാർ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കമുയർത്തിയ എൽ.ജെ.പി.യും സഖ്യം വിടുമെന്ന അഭ്യൂഹമുയർന്നിരുന്നു. Content Highlights: Akalis quit NDA, say Centre ignored farmers' sentiments
from mathrubhumi.latestnews.rssfeed https://ift.tt/36fE7GG
via
IFTTT