Breaking

Sunday, September 27, 2020

40 വര്‍ഷം സേവിച്ചതിന് ഇതാണോ പ്രതിഫലം; പുനഃസംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ ബിജെപി നേതാവ്

കൊൽക്കത്ത: ബിജെപി ദേശീയ പുനഃസംഘനയ്ക്കെതിരെ പ്രതിഷേധമറിയിച്ച് ബംഗാളിൽ നിന്നുള്ള നേതാവ് രാഹുൽ സിൻഹ. തന്നെ തഴഞ്ഞ് തൃണമൂൽ കോൺഗ്രസിൽ നിന്നെത്തിയ ആളെ ദേശീയ ജനറൽ സെക്രട്ടറി ആക്കിയതിനെതിരെയാണ് ഇദ്ദേഹം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു സൈനികനെപ്പോലെ 40 വർഷത്തോളമായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തന്നെ തൃണമൂൽ കോൺഗ്രസിൽ നിന്ന് വന്ന ഒരാൾക്ക് വേണ്ടി മാറ്റിനിർത്തിയെന്ന് രാഹുൽ സിൻഹ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ബിജെപിയെന്ന പാർട്ടിയെ അതിന്റെ ജനനം മുതൽ സേവിച്ചതിന് ലഭിച്ച ഈ പ്രതിഫലത്തേക്കാൾ നിർഭാഗ്യകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പാർട്ടി വിട്ടേക്കുമെന്ന സൂചനയും ഇദ്ദേഹം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും പാർട്ടി തീരുമാനത്തിനെതിരെയോ അനുകൂലമായോ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഭാവികാര്യങ്ങളെന്ന് അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ വ്യക്തമാക്കുമെന്നും രാഹുൽ സിൻഹ മുന്നറിയിപ്പെന്നവണ്ണം ട്വീറ്റിൽ പറയുന്നു. ബംഗാളിയിലും ഹിന്ദിയിലുമായാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനുപം ഹസ്രയ്ക്കാണ് രാഹുൽ സിൻഹയ്ക്ക് പകരം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൽകിയിരിക്കുന്നത്. തൃണമൂൽ വിട്ടെത്തിയ മുകുൾ റോയ് നിർദ്ദേശിച്ചതാണ് ഇദ്ദേഹത്തിന്റെ പേരെന്നാണ് വിവരം. 2015ൽ ദിലീപ് ഘോഷ് അധ്യക്ഷനാകുന്നതുവരെ ബംഗാളിലെ ബിജെപിയുടെ അധ്യക്ഷനായിരുന്നു രാഹുൽ സിൻഹ. 2016ലെ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുകുൾ റോയിയെ ദേശീയ ഉപാധ്യക്ഷനാക്കി പുനഃസംഘടനയിൽ സ്ഥാനം നൽകിയിട്ടുണ്ട്. മമതയുടെ വിശ്വസ്ഥനായിരുന്ന മുകുൾ റോയ് തൃണമൂലിൽ നിന്ന് 2017 ലാണ് ബിജെപിയിലെത്തിയത്. അന്നുമുതൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നുവെങ്കിലും പാർട്ടിയിൽ കാര്യമായ സ്ഥാനങ്ങൾ ലഭിക്കാതിരുന്നതിൽ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. ഈ പരിഭവം അവസാനിപ്പിക്കാനും ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൂടി കണക്കിലെടുത്തുമാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റം. അതേസമയം പുനഃസംഘടനയ്ക്കെതിരെ ബംഗാൾ ബിജെപി ഘടകത്തിൽ അമർഷം പുകയുകയാണെന്നാണ് വിവരം. മുതിർന്ന പലരെയും തഴഞ്ഞ് പുറത്തുനിന്ന് വന്നവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതാണ് ഇവരെ രോഷത്തിലാക്കുന്നത്. Served @BJP4India for 40 Years as the Warrior and today just to include @AITCofficial Leaders, I have been asked to Left the Post of the Party.@narendramodi @BJP4Bengal pic.twitter.com/yN1Zok8BdV — Rahul Sinha (@RahulSinhaBJP) September 26, 2020 Content Highlights:"Served BJP For 40 Years For This?": Bengal Leader Dropped In Reshuffle


from mathrubhumi.latestnews.rssfeed https://ift.tt/2GdruRH
via IFTTT