ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ബുധനാഴ്ച വിധിപറയും. ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർ എത്തുമെന്ന് വ്യക്തമല്ല. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി. വിചാരണ നേരിട്ടവർ കേന്ദ്രമന്ത്രിമാരായിരുന്ന എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, യു.പി. മുൻ മുഖ്യമന്ത്രി കല്യാൺസിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാർ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുൻ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്പത്ത് റായ് ബൻസൽ, സതീഷ് പ്രഥാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നീ 15 പേർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രിൽ 19-ന് പുനഃസ്ഥാപിച്ചത്. ഇവരുൾപ്പെടെ കേസിലെ 48 പ്രതികളിൽ 32 പേരാണ് ജീവിച്ചിരിക്കുന്നത്. രാജസ്ഥാൻ ഗവർണറായിരുന്നതിനാൽ കല്യാൺ സിങ്ങിന് വിചാരണ നേരിടുന്നതിൽനിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവർണർസ്ഥാനം ഒഴിഞ്ഞതോടെ കല്യാൺ സിങ്ങും വിചാരണ നേരിട്ടു. കേസിനിടെ അന്തരിച്ചവർ ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വർ സാവെ പ്രതികൾ നേരിടുന്ന കുറ്റം രണ്ടുവിഭാഗങ്ങൾതമ്മിൽ സ്പർധ വളർത്തൽ, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾ നേരിടുന്നത്. Content Highlights: babri masjid demolition case verdict
from mathrubhumi.latestnews.rssfeed https://ift.tt/3cJZRMb
via
IFTTT