Breaking

Sunday, September 27, 2020

ആഴക്കടലില്‍ നിന്ന് പുതുതായി കണ്ടെത്തിയ കൊഞ്ചിന് തിക്കോടി സ്വദേശി ഡോ. ബിനീഷിന്റെ പേര്

തിക്കോടി: നൂറു വർഷങ്ങൾക്ക് ശേഷം അന്തമാൻ നിക്കോബാർ ദ്വീപിനടുത്ത ആഴക്കടലിൽ നിന്ന് പുതുതായി കണ്ടെത്തിയ കൊഞ്ചിന് തിക്കോടി സ്വദേശി കിണറ്റുംകര ഡോ. ബിനീഷിന്റെ പേരുനൽകി. ഇന്ത്യയിലെ പ്രമുഖ മത്സ്യഗവേഷകനും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനുമായ ഡോ. ബിനീഷിന് ആദരമർപ്പിച്ച് പാര മുനിഡാ ബിനീഷി എന്നാണ് നാമകരണം ചെയ്തത്. 2016-ൽ ഇദ്ദേഹം നടത്തിയ ആഴക്കടൽ പര്യവേക്ഷണത്തിലാണ് ഈ പുതിയ ഇനം കൊഞ്ചിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള 125 ഓളം ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 പുതിയ മീനുകളെയും ഒരു മീൻ പരാദത്തെയും കണ്ടെത്തിയിട്ടുണ്ട്. അന്തമാൻ നിക്കോബാറിലെ 320 മീറ്റർ ആഴക്കടലിൽനിന്നാണ് പുതിയ സ്പീഷിസ് കണ്ടെത്തിയത്. വിശദാംശങ്ങൾ അന്താരാഷ്ട്ര ജേണലായ സൂക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ബിനീഷിന് 2015-ൽ കേന്ദ്രകൃഷിമന്ത്രാലയം മികച്ച യുവശാസ്ത്രജ്ഞർക്കുള്ള ജവാഹർലാൽ നെഹ്രു അവാർഡ് നൽകിയിട്ടുണ്ട്. ഐ.യു.സി.എൻ. സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗമാണ്. ഇന്ത്യൻമഹാസമുദ്രത്തിൽ നിന്ന് കണ്ടെത്തിയ രണ്ട് പുതിയ മത്സ്യങ്ങളായ പെഷറീസ് ബിനീഷി, മാകുലോ ബാറ്റിസ് ബിനീഷി എന്നീ മത്സ്യങ്ങൾക്കും ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. തിക്കോടി കിണറ്റുംകര കുമാരന്റെയും നാരായണിയുടെയും മകനാണ്. എയർഹോസ്റ്റസായ സരയുവാണ് ഭാര്യ. ദ്രോണ ബിനീഷ്, ഹിമപാർവതി എന്നിവർ മക്കളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3j7RFaW
via IFTTT