അബുദാബി : യു.എ.ഇ.യുടെ ആദ്യ പരിസ്ഥിതിയധിഷ്ഠിത നാനോ ഉപഗ്രഹമായ മെസ്ൻസാറ്റ് വടക്കുപടിഞ്ഞാറൻ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20-ന് വിജയകരമായി വിക്ഷേപിച്ചു. ഖലീഫ യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽഖൈമയിലെയും മുപ്പതോളം വിദ്യാർഥികളാണ് ഉപഗ്രഹത്തിന്റെ നിർമാണത്തിന് പിറകിൽ. ഗ്രീൻഹൗസ് ഗ്യാസ് (ജി.എച്ച്.ജി.) സാന്ദ്രത കണ്ടെത്തുകയെന്നതാണ് ഉപഗ്രഹത്തിന്റെ ദൗത്യം. റഷ്യൻ സോയൂസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ ആദ്യ എട്ടുമണിക്കൂർ നിർണായകമാണ്. മെസ്ൻസാറ്റിന്റെ ഭാരം 2.7 കിലോഗ്രാമും അളവ് 10, 10, 30 സെന്റീമീറ്ററുമാണ്. ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ, വിദ്യാർഥികളുടെ സംഘം ഖലീഫ സർവകലാശാലയിലെ യാഹ്‌സാറ്റ് സ്‌പേസ് ലാബിലെയും ഔറാക്കിലെയും ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്ന് ഡാറ്റ നിരീക്ഷിക്കുകയും പ്രവർത്തനം വിശകലനം ചെയ്യുകയും ചെയ്യും. കഴിഞ്ഞ മൂന്നുവർഷമായി വിദ്യാർഥികൾ ഉപഗ്രഹ നിർമാണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലായിരുന്നു. രണ്ടുമാസം മുൻപ് പരിസ്ഥിതി സംബന്ധമായ വിവിധ പരീക്ഷണങ്ങൾ നടത്തുകയും അവ വിജയകരമാവുകയും ചെയ്തിരുന്നു. യു.എ.ഇ. യുവത്വത്തിന്റെ ശാസ്ത്രബോധവും താത്പര്യവുമാണ് ഈ പരീക്ഷണത്തിലൂടെ വ്യക്തമാവുന്നതെന്ന് യു.എ.ഇ. ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ മൊഹമ്മദ് നാസർ അൽ അഹ്ബാബി പറഞ്ഞു. മെസ്ൻസാറ്റ് നാനോ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിലൂടെ വിദ്യാർഥി സമൂഹം മഹത്തായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഖലീഫ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ അൽ ഹമാദി പറഞ്ഞു. അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഗ്യാസ് വർധിച്ചതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണമായി കണക്കാക്കുന്നത്. ഇതിന്റെ തോത് കൃത്യമായി നിരീക്ഷിക്കുകയും അടയാളപ്പെടുത്തുകയും വഴി ഇതുമൂലമുണ്ടാവുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ കഴിയും. തീരപ്രദേശത്തെ വെള്ളപ്പൊക്കം, തീരദേശ ജലാശയങ്ങളിലെ ലവണാംശം, സമുദ്ര പരിസ്ഥിതി, താപ സമ്മർദം, പരിസ്ഥിതി ആഘാതം, കൂടുതൽ തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളായ വെള്ളപ്പൊക്കം-വരൾച്ച മുതലായവ, പൊടിയും കൊടുങ്കാറ്റിന്റെയും അപകടസാധ്യതകൾ, വായുവിലൂടെയുള്ള മലിനീകരണങ്ങളിൽനിന്നുള്ള അപകടസാധ്യത എന്നിവയെക്കുറിച്ചെല്ലാമുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് മെസ്ൻസാറ്റിന്റെ പ്രവർത്തനങ്ങൾ ഉപകരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/349nfia
via
IFTTT