Breaking

Monday, September 28, 2020

ചികിത്സകിട്ടാതെ വലഞ്ഞ യുവതി പ്രസവിച്ച കുഞ്ഞുങ്ങൾ മരിച്ചു

മഞ്ചേരി: മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന്‌ റഫർചെയ്തശേഷം നിരവധി ആശുപത്രികളിൽ ചികിത്സതേടി അലഞ്ഞ യുവതിയുടെ ഗർഭസ്ഥശിശുക്കൾ മരിച്ചു. കിഴിശ്ശേരി സ്വദേശിനിയായ 20-കാരിയുടെ ഒൻപതുമാസം ഗർഭാവസ്ഥയിലുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ മരിച്ചത്. പ്രസവത്തെത്തുടർന്ന് യുവതിയും ഗുരുതരാവസ്ഥയിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ. ശൈലജ യുവതിയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് സംഭവം അന്വേഷിക്കുമെന്ന് ഉറപ്പുനല്കി. ശനിയാഴ്ച പുലർച്ചെയാണ് വേദനയെത്തുടർന്ന് മഞ്ചേരി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. മുൻപ്‌ കോവിഡ് പോസിറ്റീവായ യുവതി 15-ന് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. കോവിഡ് ആശുപത്രിയായതിനാൽ ഒൻപതരയോടെ ആശുപത്രിയിൽനിന്ന്‌ കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവ. ആശുപത്രിയിലേക്ക് റഫർചെയ്തു. എന്നാൽ നടപടികൾ പൂർത്തിയായപ്പോൾ പതിനൊന്നരയായി. കോഴിക്കോട് ആശുപത്രിയിലെത്തിയപ്പോൾ ഒ.പി.സമയം കഴിഞ്ഞിരുന്നു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും ആന്റിജെൻ പരിശോധനാഫലം സ്വീകരിക്കില്ലെന്നും പി.സി.ആർ. ഫലം വേണമെന്നും അധികൃതർ നിർബന്ധംപിടിച്ചതായി യുവതിയുടെ ഭർത്താവ് പറയുന്നു. പിന്നീട് സ്വകാര്യ മെഡിക്കൽകോളേജിൽ ആന്റിജെൻ പരിശോധന നടത്തി. തുടർന്ന് വൈകീട്ട് ആറരയോടെയാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2S424IL
via IFTTT