Breaking

Sunday, September 27, 2020

ഇക്കണോമിക്സിനുപകരം എഴുതിയത് ബിസിനസ് സ്റ്റഡീസ് പരീക്ഷ; എന്നിട്ടും ജയം

ചവറ : ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് പഠിച്ച വിദ്യാർഥി ഇക്കണോമിക്സിനുപകരം പരീക്ഷയെഴുതിയത് ബിസിനസ് സ്റ്റഡീസിലെ ചോദ്യപേപ്പർ വെച്ച്. പരീക്ഷാഫലം വന്നപ്പോൾ വിദ്യാർഥിയെ ഞെട്ടിച്ച് ഇക്കണോമിക്സിന് ജയം. ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ പരീക്ഷയിലാണ് സംഭവം നടന്നത്. ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന വിദ്യാർഥി സ്കൂളിൽ പ്രത്യേകം തയ്യറാക്കിയ മുറിയിലാണ് 2020 മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഓപ്പണായി പഠിക്കുന്ന കൊമേഴ്സ് വിദ്യാർഥികൾക്ക് ബിസിനസ് സ്റ്റഡീസും ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് ഇക്കണോമിക്സുമായിരുന്നു അന്ന് പരീക്ഷ. വിദ്യാർഥിക്ക് ഇക്കണോമിക്സ് ചോദ്യത്തിനുപകരം നൽകിയത് ബിസിനസ് സ്റ്റഡീസ് വിഷയത്തിന്റെ ചോദ്യപേപ്പർ. കിട്ടിയപാടെ ഈ ചോദ്യപേപ്പർ നോക്കി ഹ്യുമാനിറ്റീസ് വിദ്യാർഥി മൂന്ന് മണിക്കൂറും പരീക്ഷയെഴുതി. തുടർന്ന് ഉത്തര പേപ്പർ ഇക്കണോമിക്സ് ഉത്തരക്കടലാസുകൾക്കൊപ്പം നൽകി. മൂല്യനിർണയം നടത്തിയ അധ്യാപകരാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് വിദ്യാർഥിയുടെ പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞുവെച്ചു. ഒടുവിൽ കഷ്ടിച്ച് ജയിക്കാൻവേണ്ട 24 മാർക്ക് നൽകി ബിസിനസ് സ്റ്റഡീസിൽ പരീക്ഷയെഴുതിയ വിദ്യാർഥിയെ ഇക്കണോമിക്സിൽ ജയിപ്പിച്ച് ഫലം പുറത്തുവിട്ടു. Content Highlights:The Student wrote Business Studies exam instead of Economics


from mathrubhumi.latestnews.rssfeed https://ift.tt/2S3mC44
via IFTTT