Breaking

Wednesday, September 30, 2020

ട്രംപ് നുണയനെന്ന് ബൈഡന്‍, വമ്പന്‍ റാലികളെ ന്യായീകരിച്ച് ട്രംപ്; സംവാദത്തില്‍ വാക്‌പോര്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തിൽ കൊമ്പുകോർത്ത് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും. ട്രംപ് നുണയനാണെന്ന് ബൈഡൻ ആരോപിച്ചു. ഇതുവരെ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാൻ ഇവിടെ വന്നത്. എല്ലാവർക്കും അറിയാം അയാൾ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡൻ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡൻ ആരോപിച്ചു. കോവിഡ് കാലത്തും വൻജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമർശിക്കുകയും ചെയ്തു. താൻ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പൻ റാലികളെ ന്യായീകരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്. ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. മുൻപ് ട്രംപിന് എതിരായ ഇംപീച്ച്മെന്റ് പ്രമേയം വന്ന സമയത്ത്, പ്രതിരോധത്തിനായി ബൈഡന്റെ മകന്റെ യുക്രൈനിലെ ബിസിനസ് ഇടപാടുകൾ റിപ്പബ്ലിക്കൻ പാർട്ടി ഉപയോഗിച്ചിരുന്നു. അതേസമയം ചർച്ചയെ വീണ്ടും കൊറോണ വൈറസ് വിഷയത്തിലേക്ക് കൊണ്ടുവരാനാണ് ബൈഡൻ ശ്രമിച്ചത്. ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡൻ തിരിച്ചടിച്ചു. ക്ലീവ്ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലാണ് സംവാദം നടക്കുന്നത്. ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടന്നത്. ഇനി രണ്ട് പ്രസിഡൻഷ്യൽ ഡിബേറ്റുകൾ കൂടി നടക്കാനുണ്ട്. മാസ്ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട്നീണ്ടുനിന്ന സംവാദത്തിൽ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകൾ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. content highlights:donald trump and joe biden in their first presidential debate


from mathrubhumi.latestnews.rssfeed https://ift.tt/2EJYSyW
via IFTTT