Breaking

Monday, September 28, 2020

ബെന്നി ബെഹനാൻ കൺവീനർ സ്ഥാനം ഒഴിഞ്ഞത് എ-ഗ്രൂപ്പിനുള്ളിലെ പടനീക്കങ്ങൾക്ക് തടയിടാൻ

കൊച്ചി: യു.ഡി.എഫ്. കൺവീനർ സ്ഥാനം ബെന്നി ബെഹനാൻ എം.പി. ഒഴിഞ്ഞത് എ -ഗ്രൂപ്പിനുള്ളിൽ തനിക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങൾക്ക് തടയിടാൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ യു.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ ബെന്നി ബെഹനാന് സമ്മർദമുണ്ടായിരുന്നു. രണ്ട് സ്ഥാനങ്ങൾ ഒന്നിച്ചുവഹിക്കുന്നുവെന്ന വാദമാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. അടക്കമുള്ളവർ ഒരേസമയം രണ്ടുസ്ഥാനങ്ങൾ വഹിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്നി ഇതിന് തടയിട്ടത്. രാജിവെക്കാൻ ഹൈക്കമാൻഡ് നിർദേശം വരട്ടെയെന്ന നിലപാടെടുത്തു. അടുത്തിടെയാണ് എ-ഗ്രൂപ്പിനുള്ളിൽ ബെന്നിക്കെതിരേ നീക്കങ്ങൾ ശക്തമായത്. ഐ ഗ്രൂപ്പിൽ ചേക്കേറാൻ പോകുന്നുവെന്ന പ്രചാരണവുമുയർന്നു. ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഗ്രൂപ്പിൽ രണ്ടാമനായി നിന്നിരുന്ന അദ്ദേഹത്തെ ഒഴിവാക്കി ഒരു വിഭാഗം കാര്യങ്ങളേറ്റെടുത്തു. കെ.പി.സി.സി. പുനഃസംഘടനയിൽ എ-ഗ്രൂപ്പ് പട്ടിക തയ്യാറാക്കുന്നതിൽനിന്ന്‌ അദ്ദേഹത്തെ മാറ്റിനിർത്താനും ശ്രമിച്ചു. മുതിർന്നനേതാക്കളായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, തമ്പാനൂർ രവി എന്നിവരുടെ നേതൃത്വത്തിൽ പുതിയ അധികാരകേന്ദ്രം രൂപപ്പെടുന്നതായുള്ള പ്രചാരണവും ഗ്രൂപ്പിനുള്ളിലുണ്ടായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായുള്ള അടുത്തബന്ധം ചൂണ്ടിക്കാട്ടിയാണ് ബെന്നി ഗ്രൂപ്പ് വിടുന്നുവെന്ന പ്രചരണം ഉയർന്നത്. ഇനിയും കൺവീനർ സ്ഥാനത്ത് തുടർന്നാൽ ഗ്രൂപ്പിനുള്ളിൽ അസ്വസ്ഥത പടരുമെന്ന തിരിച്ചറിവിലാണ് ബെന്നി നാടകീയമായി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.മുതിർന്ന നേതാവ് എം.എം. ഹസ്സന് ഉചിതമായ സ്ഥാനം നൽകണമെന്ന ആവശ്യവും എ-ഗ്രൂപ്പിനു മുന്നിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ യു.ഡി.എഫ്. കൺവീനറാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തോടെതന്നെ എ. വിഭാഗത്തിലെ മുതിർന്ന നേതാക്കൾക്കിടയിൽ പടലപ്പിണക്കങ്ങൾ തുടങ്ങിയിരുന്നു. ചാലക്കുടി സീറ്റ് ബെന്നിക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും അതൃപ്തിയുണ്ടായിരുന്നു. ബെന്നിയുടെ രാജിയും െഎ. ഗ്രൂപ്പിലേക്ക് പോകുന്നതിന് കളമൊരുക്കാനാണെന്ന പ്രചാരണവും ഗ്രൂപ്പിനുള്ളിൽ നടക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3mQwXyu
via IFTTT