Breaking

Wednesday, September 30, 2020

കുടുംബാംഗങ്ങളുടെ പ്രതിഷേധം വകവെച്ചില്ല; 'യു.പി.യിലെ നിര്‍ഭയ'യുടെ മൃതദേഹം സംസ്‌കരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിലെ ഹഥ്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം സംസ്കരിച്ചു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഹഥ്രാസിൽ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലർച്ചെ2.45 ഓടെ ആണ് സംസ്കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് സമ്മതിച്ചില്ലെന്നും സംസ്കാര ചടങ്ങുകൾ നിർബന്ധപൂർവം ചെയ്യിപ്പിക്കുകയായിരുന്നു എന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. യുവതിയെ ഉത്തർ പ്രദേശിന്റെ നിർഭയ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്. കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസിൽ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പോലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. എന്നാൽ മൃതദേഹം ധൃതിയിൽ സംസ്കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും ആയിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. ഹിന്ദു ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയിൽ സംസ്കരിക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയത്. നേരത്തെ, തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ആരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പം കോൺഗ്രസ്, ഭീം ആർമി പ്രവർത്തകരും ചേർന്നു. സഫ്ദർജങ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ധർണയിരുന്നില്ലെന്നും സംഭവത്തെ ഹൈജാക്ക് ചെയ്യാൻ പല സംഘങ്ങളും ശ്രമിക്കുകയാണെന്നും ഡൽഹി പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് പോകാനായിരുന്നു താൽപര്യം. എന്നാൽ പല സംഘങ്ങളും വിഷയം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. പിന്നീട് കുടുംബാംഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അവർ എസ്.ഡി.എമ്മിനും ഹഥ്രാസ് സർക്കിൾ ഓഫീസറിനും ഒപ്പം മടങ്ങിയെന്നും ഹഥ്രാസ് എ.ഡി.എമ്മും അപ്പോൾ അവിടുണ്ടായിരുന്നു ഡൽഹി പോലീസ് പറഞ്ഞു. ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാൻ വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് കഴുത്തുഞെരിച്ചപ്പോൾ സ്വന്തം പല്ലിനിടയിൽക്കുടുങ്ങി യുവതിയുടെ നാവിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂർണമായും തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദർജങ്ങിലേക്കു മാറ്റിയത്. സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്.പി. അറിയിച്ചിട്ടുണ്ട്. content highlights:body of hathras gang rape victim cremates


from mathrubhumi.latestnews.rssfeed https://ift.tt/36hCPeh
via IFTTT