Breaking

Tuesday, September 29, 2020

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാന്‍ എ.ടി.എസ്.

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമം എ.ടി.എസ്.(തീവ്രവാദ വിരുദ്ധ സ്ക്വാഡ്) ഊർജിതമാക്കുന്നു. രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി എ.ടി.എസ്. കർണാടക കോടതിയെ സമീപിക്കും. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അടക്കം ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. നടി ലീന പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ 2018 ഡിസംബറിലാണ് വെടിവെപ്പ് നടക്കുന്നത്. ഈ വെടിവെപ്പിന് രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിനായി രവി പൂജാരിയെ കേരളത്തിലേക്ക് എത്തിക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമിക്കുന്നത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി ഉള്ളത്. കർണാടക കോടതിയുടെ അനുമതിയോടു കൂടി ഇയാളെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുക എന്നതാണ് ലക്ഷ്യം. ബ്യൂട്ടി പാർലർ കേസിൽ മാത്രമല്ല, കേരളത്തിൽ കാസർകോട് ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ നടന്ന ചില സമാന സംഭവങ്ങളെ കുറിച്ചും രവി പൂജാരിക്ക് പങ്കോ അറിവോ ഉണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ എ.ടി.എസ്. നടത്തുന്നത്. ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് ആദ്യ അന്വേഷിച്ചത് ലോക്കൽ പോലീസായിരുന്നു. എന്നാൽ രവി പൂജാരിയുടെയും മറ്റും സാന്നിധ്യത്തെ കുറിച്ച് സൂചന വന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ കൈവശം എത്തി. ഇവിടെനിന്നുമാണ് പിന്നീട് കേസ് എ.ടി.എസിലേക്ക് എത്തുന്നത്. രവി പൂജാരിയെ വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾക്കായി എ.ടി.എസ്. അംഗങ്ങൾ അടുത്തയാഴ്ച ബെംഗളൂരുവിലേക്ക് പോകും. ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ, രവി പൂജാരിയെ വിട്ടുകിട്ടിയില്ലെങ്കിൽ തന്നെയും കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടന്നിരുന്നു. എന്നാൽ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയായി കണക്കാക്കുന്നത് രവി പൂജാരിയെ ആണ്. അതിനാൽ വിശദമായ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ എ.ടി.എസിനെ സംബന്ധിച്ചിടത്തോളം രവി പൂജാരിയെ വിട്ടുകിട്ടി ചോദ്യംചെയ്യുക എന്നത് അനിവാര്യമാണ്. അതിനാൽതന്നെ രവി പൂജാരിയെ ചോദ്യം ചെയ്ത് വിശദമായ കുറ്റപത്രം സമർപ്പിക്കുക എന്നതാണ് എ.ടി.എസ്. ഉദ്ദേശിക്കുന്നത്. രവി പൂജാരി സെനഗലിൽ കഴിയുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെനഗൽ ഇയാളെ നാടുകടത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കയിൽനിന്നാണ് ഇയാളെ ഇന്റർപോൾ പിടികൂടി ഇന്ത്യക്ക് കൈമാറുന്നത്. content highlights:ats trying to bring ravi pujari to kerala for questioning


from mathrubhumi.latestnews.rssfeed https://ift.tt/2GbheJZ
via IFTTT