Breaking

Tuesday, September 29, 2020

കേന്ദ്ര നിയമം മറികടക്കാൻ പുതിയ നിയമം നിർമിക്കണം - സംസ്ഥാനങ്ങളോട് സോണിയ

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജ്പഥിൽ ട്രാക്ടർ കത്തിക്കുന്നു |ഫോട്ടോ: സാബു സ്കറിയ ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ നിയമമായാൽ അതിനെ മറികടക്കാൻ പുതിയ നിയമം നിർമിക്കുന്നതിനുള്ള സാധ്യത ആരായാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം. കൃഷി സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളുടെ പൊതുപട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) പെട്ടതാണ് കാർഷികവ്യാപാരം. ഇതിനുസരിച്ചാണ് കേന്ദ്രം നിയമം പാസാക്കിയത്. പൊതുപട്ടികയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ അനുച്ഛേദം 254 (2) ഉപയോഗിച്ച് നിയമം നിർമിക്കുന്ന കാര്യം ആലോചിക്കണമെന്നാണ് പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരോട് സോണിയ ആവശ്യപ്പെട്ടത്. കോൺഗ്രസ് മുന്നണിയായി ഭരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലും ഇതിനുള്ള സാധ്യത ആരായണമെന്നും സോണിയ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കർഷകരോട് കാട്ടിയ കൊടിയ അനീതി ശമിപ്പിക്കാൻ പുതിയ നിയമം കൊണ്ടാവുമെന്ന് സോണിയ മുഖ്യമന്ത്രിമാരോട് പറഞ്ഞു. മൂന്ന് കാട്ടാള കാർഷിക നിയമങ്ങളെ അസ്വീകാര്യമെന്നുപറഞ്ഞ് തള്ളാനും കുറഞ്ഞ തറവിലയും കാർഷികോത്പന്ന വിപണന സമിതികളും ഇല്ലാതാക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് സോണിയ ചൂണ്ടിക്കാട്ടിയതായി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇങ്ങനെ സംസ്ഥാനങ്ങൾ നിയമം പാസാക്കിയാലും കേന്ദ്രനിയമത്തിന് എതിരായതിനാൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നടപ്പാക്കാനാവൂവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തീരെ ഇല്ലെങ്കിലും പുതിയ നിയമം പാസാക്കുന്നത് രാഷ്ട്രീയായുധമായി ഉയർത്താനാണ് കോൺഗ്രസ് നീക്കം. 2013-ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ നിയമ ഓർഡിനൻസ് ഒട്ടേറെ സംസ്ഥാനങ്ങൾ എതിർത്തിരുന്നു. 2015-ൽ ഓർഡിനൻസ് പുതിയ രൂപത്തിൽ നിയമമാക്കുന്നത് സ്റ്റാൻഡിങ് കമ്മിറ്റി പരിഗണനയ്ക്കുവന്ന വേളയിൽ ഇതിനെതിരേ അനുച്ഛേദം 254 (2) ഉപയോഗിച്ച് നിയമം നിർമിക്കാൻ സംസ്ഥാനങ്ങൾക്കാവുമെന്ന് ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ നിയമമുണ്ടാക്കി. കേന്ദ്രത്തിന് എതിർപ്പില്ലാത്തതിനാൽ ഇവ രാഷ്ട്രപതി പാസാക്കി അതത് സംസ്ഥാനങ്ങളിൽ നിയമമായി. കാർഷികനിയമങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3kZYBqX
via IFTTT