Breaking

Wednesday, September 30, 2020

സി.ബി.ഐ. അന്വേഷണം: സർക്കാർ തേടുന്നത് നിയമ വഴികൾ

തിരുവനന്തപുരം: സി.ബി.ഐ.യെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രികൂടി പങ്കെടുത്ത എൽ.ഡി.എഫ്. യോഗം നടത്തിയത്. അതുകൊണ്ടുതന്നെ പ്രതിരോധത്തെപ്പറ്റിയും ആലോചന നടന്നു. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ സർക്കാരുകൾ സി.ബി.ഐ.യെ വിലക്കിയിരുന്നു. ഇതേമാതൃക പിന്തുടരാൻ നിയമസാധുതയുണ്ടോ എന്നാണ് സംസ്ഥാനസർക്കാർ പരിശോധിക്കുന്നത്. ഡൽഹി പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണ് സി.ബി.ഐ. പ്രവർത്തിക്കുന്നത്. ഡൽഹിക്കുപുറത്ത് കേസ് ഏറ്റെടുക്കണമെങ്കിൽ അതത് സർക്കാരുകളുടെ അനുമതിവേണം. അല്ലെങ്കിൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ ഉത്തരവിടണം. എന്നാൽ, അഴിമതിക്കേസുകൾ അന്വേഷിക്കാൻ സംസ്ഥാനസർക്കാരുകൾ സി.ബി.ഐ.ക്ക് പൊതുസമ്മതം നൽകിയിട്ടുണ്ട്. ഇത് പിൻവലിച്ചാൽ ഓരോ കേസും ഏറ്റെടുക്കുന്നതിനുമുമ്പ് സി.ബി.ഐ.ക്ക് സംസ്ഥാനസർക്കാരിന്റെ അനുവാദം വേണ്ടിവരും. ഇങ്ങനെ പൊതുസമ്മതം പിൻവലിച്ചാണ് ആന്ധ്ര, ബംഗാൾ, രാജസ്ഥാൻ സർക്കാരുകൾ സി.ബി.ഐ.യെ വിലക്കിയത്. ഓർഡിനൻസോ നിയമനിർമാണമോ നടത്താതെയായിരുന്നു ഇത്. എന്നാൽ, ഇവിടെ സി.ബി.ഐ. കേസെടുത്തത് വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചതിനാണ്. ഇത്തരം കേസുകളിൽ ഒരുകോടി രൂപയിലധികമുള്ള ക്രമക്കേടുകളെപ്പറ്റി സി.ബി.ഐ.ക്ക് നേരിട്ട് അന്വേഷിക്കാം. അതിനാൽ പൊതുസമ്മതം പിൻവലിച്ചാലും അന്വേഷണം ഒഴിവാക്കാനാകുമോ എന്നത് തർക്കവിഷയമാണ്. സമ്മതം പിൻവലിച്ചാലും സമ്മതമുണ്ടായിരുന്ന കാലത്ത് രജിസ്റ്റർചെയ്ത കേസുകളിൽ സി.ബി.ഐ.ക്ക് അന്വേഷണം തുടരാം. സംസ്ഥാനങ്ങളിലെ കേസുകൾ ഡൽഹിയിലാണ് രജിസ്റ്റർചെയ്യുന്നതെങ്കിൽ മന്ത്രിമാരെ ഉൾപ്പെടെ ചോദ്യംചെയ്യാനും അറസ്റ്റുചെയ്യാനും സി.ബി.ഐ.ക്ക് കഴിയുമെന്നും വാദമുണ്ട്. പരിശോധനയ്ക്കുശേഷം പറയാം -മുഖ്യമന്ത്രി രാഷ്ട്രീയപ്പാർട്ടികൾക്കും മുന്നണികൾക്കും സി.ബി.ഐ. അന്വേഷണത്തെപ്പറ്റി അഭിപ്രായമുണ്ടാവുമെന്നും അവരത് രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി. എന്നാൽ, സർക്കാരിന് നിയമപരമായ പരിശോധനയ്ക്കുശേഷമേ കാര്യങ്ങൾ പറയാനാവൂ. കോൺഗ്രസ് സർക്കാരുകളാണ് സി.ബി.ഐ.യെ വിലക്കുന്ന നിലപാട് എടുത്തിട്ടുള്ളത് ഞങ്ങളത് ആലോചിച്ചിട്ടില്ല. ഗവർണറെയും കോടതിയെയും സമീപിക്കും -രമേശ് ചെന്നിത്തല അഴിമതിക്കാരെ രക്ഷിക്കാനാണ് സർക്കാർ സി.ബി.ഐ.യെ വിലക്കി ഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടും. അത് ഫലിച്ചില്ലെങ്കിൽ കോടതിയിൽ നിയമപരമായും പുറത്ത് രാഷ്ട്രീയമായും നേരിടും. മടിയിൽ കനമുള്ളതുകൊണ്ടാണോ സർക്കാരിന് ഈ ഭയം? ഇതിനെതിരേ യു.ഡി.എഫ്. ശക്തമായി പോരാടും-അദ്ദേഹം പറഞ്ഞു. Content Highlights: CBI Investigation: The government is looking for legal avenues


from mathrubhumi.latestnews.rssfeed https://ift.tt/2GedAPx
via IFTTT