Breaking

Wednesday, September 30, 2020

വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക്

കൊച്ചി: രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴിലാകും. സ്വകാര്യവത്കരണത്തിന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വൈദ്യുതിവിതരണരംഗത്ത് നിലവിലുള്ള ജീവനക്കാരെയെല്ലാം സ്വകാര്യ കമ്പനികൾക്ക് കൈമാറണം. ജീവനക്കാരും എൻജിനിയർമാരുമായി 12 ലക്ഷത്തോളം പേരാണ് സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വൈദ്യുതിമേഖലയിലുള്ളത്. ഇതിൽ 10 ലക്ഷം പേരും വിതരണരംഗത്താണ്. കെ.എസ്.ഇ.ബി.യിൽ ആകെയുള്ള 34,000 ജീവനക്കാരിൽ 27,500 പേരും വിതരണമേഖലയിലാണ്. സംസ്ഥാന സർക്കാരുകൾക്കുകീഴിൽ വൈദ്യുതിവിതരണരംഗത്തെ കമ്പനികളുടെ ആസ്തികൾ ഉൾപ്പെടെയാണ് ഓഹരികളായി സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഓഹരിക്കച്ചവടം നടത്തണമോ വേണ്ടയോയെന്ന് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാം. ജീവനക്കാരെ സ്വകാര്യകമ്പനികൾക്ക് കൈമാറുമ്പോൾ അതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരുകൾ വഹിക്കണം. കൈമാറിയ തീയതിമുതലുള്ള ബാധ്യതകൾ മാത്രമാണ് പുതിയ കമ്പനികൾക്കുണ്ടാവുക. അതുവരെയുള്ള നഷ്ടങ്ങളുടെ ബാധ്യത സംസ്ഥാനസർക്കാരുകൾ ഏറ്റെടുക്കണം. ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും ട്രസ്റ്റുകളിലൂടെയായിരിക്കും. ട്രസ്റ്റുകൾ ഇല്ലാത്ത ഇടങ്ങളിൽ അവ രൂപവത്കരിക്കണം. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളുടെ ആകെ ആവശ്യമുള്ള തുക ശാസ്ത്രീയമായി തയ്യാറാക്കും. ഈ തുക ട്രസ്റ്റുകളിലേക്ക് കൈമാറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതത് സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണരംഗത്തെ ജീവനക്കാരുടെയും അവരുടെ സേവനങ്ങളുടെയും വിവരശേഖരണം നടത്താൻ കൺസൽട്ടന്റിനെ നിയോഗിക്കണം. സേവനവ്യവസ്ഥ, തസ്തിക, ശമ്പളസ്കെയിൽ, അലവൻസ് എന്നിവ പുതിയ കമ്പനിക്കായി പ്രത്യേകം നിശ്ചയിക്കണം. ഇതിനുശേഷമായിരിക്കണം ജീവനക്കാരെ മാറ്റേണ്ടത്. കേരളം എതിർക്കും വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കത്തെ കേരളം എതിർക്കും. ഊർജോത്പാദനരംഗത്തെ കുത്തകക്കമ്പനികളെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിത്. ഒരുകാരണവശാലും ഇത് അംഗീകരിക്കില്ല. വൈദ്യുതോത്പാദന രംഗത്തുള്ള കുത്തകക്കമ്പനികൾ വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വിറ്റഴിക്കാനുള്ള തന്ത്രമാണ് സ്വകാര്യവത്കരിക്കുന്നതിന് പിന്നിൽ. ഇടതുസർക്കാരും വൈദ്യുതിബോർഡും ഇതിനെ എതിർക്കും. - എം.എം. മണി, വൈദ്യുതിമന്ത്രി. Content Highlights: Electricity board staff against privatisation


from mathrubhumi.latestnews.rssfeed https://ift.tt/3cH9aMR
via IFTTT