കൊല്ലം : മുതിർന്ന സംഘപരിവാർ നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പി. ദേശീയ ഭാരവാഹിയാക്കാത്തതിൽ ആർ.എസ്.എസിന് അമർഷം. കുമ്മനത്തിന് അർഹമായ പരിഗണന നൽകുമെന്ന് ബി.ജെ.പി. ദേശീയനേതൃത്വം ആർ.എസ്.എസ്. സംസ്ഥാന ഘടകത്തിന് ഉറപ്പുനൽകിയിരുന്നു. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനുമുൻപ് നൽകിയ ഉറപ്പ് പാലിക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന ബി.ജെ.പി. കോർ കമ്മിറ്റിയിൽ പങ്കെടുക്കാനായി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എത്തുന്നുണ്ട്. യോഗത്തിൽ ഈ വിഷയം കൃഷ്ണദാസ് പക്ഷം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്. മിസോറം ഗവർണർ പദവി രാജിവെപ്പിച്ച് കുമ്മനത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് ആർ.എസ്.എസ്. സമ്മർദ്ദത്തെത്തുടർന്നായിരുന്നു. ഈ നീക്കത്തോട് ബി.ജെ.പി. ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ പരാതി പരിഹരിക്കാനായി തത്കാലം കുമ്മനത്തെ ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തിയേക്കും. കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച ഭാരവാഹിപ്പട്ടികയോട് കേരളത്തിലെ വലിയൊരുവിഭാഗം ബി.ജെ.പി. നേതാക്കൾക്കും വിയോജിപ്പാണ്. പുതിയ ഭാരവാഹികൾക്ക് ആശംസയറിയിച്ച് ചില നേതാക്കളിട്ട ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ പാർട്ടി അണികളിൽനിന്ന് കടുത്ത വിമർശനമുയരുന്നുണ്ട്. Content Highlights:BJP New national Committee,RSS, BJP. Kerala
from mathrubhumi.latestnews.rssfeed https://ift.tt/3jpVrwF
via
IFTTT