Breaking

Wednesday, September 30, 2020

‘കാർ’ @ മുഹമ്മദ് ഷിബിൻ; ചെലവ് 7500

അങ്ങാടിപ്പുറം: സ്വയം നിർമിച്ച നാലുചക്രവാഹനം ഓടിച്ചപ്പോൾ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മുഹമ്മദ് ഷിബിൻ. കോവിഡിൽ വീണുകിട്ടിയ അവധിക്കാലം സ്വപ്നങ്ങളെ സഞ്ചരിപ്പിക്കാനുള്ള സമയങ്ങളാക്കി മാറ്റുകയായിരുന്നു ഈ 18 വയസ്സുകാരൻ. കാറുകളുടെ സാങ്കേതികവിദ്യതന്നെയാണ് നിർമാണത്തിലുപയോഗിച്ചത്. പത്തുദിവസത്തെ ആസൂത്രണവും നിർമാണത്തിനായി 20-ദിവസത്തെ രാപകൽ അധ്വാനവും. നാലുചക്രവാഹനം റെഡി. വീട്ടിലെ പഴയ ബൈക്കിന്റെ എൻജിനെടുത്ത് ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ചു. ബാക്കിഭാഗങ്ങൾ പഴയ വാഹനങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നുവാങ്ങി. ബൈക്കിൽ ഉപയോഗിച്ച വയറിങ് രൂപമാറ്റം വരുത്തി. വെൽഡിങ്, ഡ്രില്ലിങ്, ഗ്രൈൻഡിങ്, കട്ടിങ് ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങളെല്ലാം സ്വയം ചെയ്തു. നിർമാണച്ചെലവ് 7500 രൂപ മാത്രം. ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂട്ടിച്ചേർത്തതിനാൽ പെട്രോൾ തീർന്നാലും സ്വയം ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറുള്ളതിനാൽ വാഹനം ലക്ഷ്യത്തിലെത്തും. പെട്രോളിൽ 40-കിലോമീറ്റർവരെ മൈലേജ് ലഭിക്കും. മോട്ടോറിലാണെങ്കിൽ മണിക്കൂറിൽ 15-20 വേഗതയിൽ രണ്ടുമണിക്കൂർ സഞ്ചരിക്കാം. ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ ഉള്ളതിനാൽ വാഹനം റിവേഴ്സ് എടുക്കാം. ഷോക്ക് അബ്സോർബറും മറ്റു പ്രവർത്തനങ്ങളുമെല്ലാം കാറുകളിലേതിനു സമം. നാലു ലിറ്ററാണ് പെട്രോൾ ടാങ്കിന്റെ സംഭരണശേഷി. കോമ്പി ബ്രേക്ക്, എ.ബി.എസ്, സെൽഫ് സ്റ്റാർട്ടിങ് എന്നിവ ഉൾപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. കുഞ്ഞുനാൾ മുതൽ തുടങ്ങിയ വാഹനങ്ങളോടുള്ള ചങ്ങാത്തമാണ് ഷിബിനെ വാഹനനിർമാണ 'എൻജിനീയറാക്കിയത്'. ക്ലാസിലിരുന്ന് വാഹനത്തിന്റെ രേഖാചിത്രമൊരുക്കിയതിന്റെ പേരിൽ പലതവണ വഴക്കുകേൾക്കേണ്ടിവന്നിട്ടുണ്ട്. ഹൈസ്കൂൾ പഠനകാലത്തുതന്നെ ഹൈഡ്രോളിക് എസ്കവേറ്റർ, ഇലക്ട്രിക് എൻജിൻ, ഹവർ ബോർഡ്, ഇലക്ട്രിക് സൈക്കിൾ എന്നിവ നിർമിച്ച് കൈയടിനേടിയ ഷിബിന്റെ ഈ കഴിവിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നാണ് കൂട്ടുകാർക്കും വീട്ടുകാർക്കും പറയാനുള്ളത്. സഹോദരനും ഡിഗ്രി വിദ്യാർഥിയുമായ മുഹമ്മദ് സിജിലാണു സഹായി. പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽനിന്നും 99 ശതമാനം മാർക്കോടെ പ്ലസ്ടു സയൻസ് വിജയിച്ച ഷിബിൻ കുസാറ്റിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. തൂത ഡി.യു.എച്ച്.എസ്.എസിലെ അധ്യാപക ദമ്പതിമാരായ പരിയാപുരം കൊടശേരി സെയ്തലവിയുടെയും റജീനയുടെയും മകനാണ്. ഫോൺ: 8590630392. Content Highlights: Engineering student building his own vehicle


from mathrubhumi.latestnews.rssfeed https://ift.tt/3cETfi8
via IFTTT