Breaking

Wednesday, September 30, 2020

‘അവർ നിസ്സംഗരായിമാറിയാൽ ആരാണ്‌ തെറ്റുകാർ...’ തുറന്നെഴുതി പി.പി. മുകുന്ദൻ

കണ്ണൂർ: പാർട്ടിക്കും പരിവാർ പ്രസ്ഥാനത്തിനുംവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ അവഗണിച്ച് പാർട്ടിയിൽ പുതുതായി ചേക്കേറിയവരെ നേതൃപദവിയിലേക്ക് സ്ഥാപിക്കുന്ന രീതിക്കെതിരേ മുതിർന്ന ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. എ.പി. അബ്ദുള്ളക്കുട്ടി, മുകുൾ റോയ് തുടങ്ങി പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനം നൽകിയ കേന്ദ്രനേതൃത്വത്തിനെതിരേയുള്ള ഒളിയമ്പാണിത്. ഫെയ്സ് ബുക്ക് പോസ്റ്റിൽനിന്ന് 'ഗണഗീതങ്ങളിലൂടെയും വ്യക്തിഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയംസേവകരിലേക്ക് പകരുന്ന ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ആർ.എസ്.എസിനെ മറ്റു പ്രസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാർ രാഷ്ട്രീയത്തിനു ചേർന്നതാണോ എന്നും ചിന്തിക്കണം. പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും പടിപടിയായി വളർന്ന് ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തുന്നതായിരുന്നു പരിവാർ രാഷ്ട്രീയരീതി. ഇതൊന്നുമില്ലാതെതന്നെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ കുറെപ്പേർ എത്തിയെന്നത് വസ്തുതയാണ്. മുമ്പ് ഇങ്ങനെവന്ന ചിലർ പിന്നീട് പ്രസ്ഥാനത്തിന്റെ ശത്രുപക്ഷത്ത് എത്തിയെന്നതും കാണാതിരുന്നുകൂടാ. ഈ അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസ്സംഗരാക്കും. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം, പക്ഷേ, പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ചോരനീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കും. അവർ നിസ്സംഗരായിമാറിയാൽ ആരാണ് തെറ്റുകാർ? മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ടുനയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വിലകൊടുക്കേണ്ടിവരും. ലക്ഷ്യവും മാർഗവും അതിന്റെ പരിശുദ്ധി നിലനിർത്തണം' -മുകുന്ദൻ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3ik25CV
via IFTTT