ലണ്ടൻ: നാലായിരം വർഷം പഴക്കമുളള ശിലാഫലകം ഇറാഖിന് തിരികെ കൈമാറാനൊരുങ്ങി ബ്രിട്ടീഷ് മ്യൂസിയം. ഇറാഖിൽ നിന്ന് കൊളളയടിക്കപ്പെട്ടതാണ് ശിലാഫലകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം മേയിൽ ഒരു ഓൺലൈൻ വിൽപന കേന്ദ്രത്തിൽ ഇത് വില്പനയ്ക്ക് വെച്ചതിനെ തുടർന്ന് ലണ്ടൻ പോലീസ് മ്യൂസിയം അധികൃതരെ വിളിപ്പിച്ചിരുന്നു. ശിലാഫലകം സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് വില്പനക്കായി വെച്ചപ്പോൾ നൽകിയിരുന്നത്. വെസ്റ്റേൺ ഏഷ്യാറ്റിക് അക്കാഡിയൻ ടാബ്ലെറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ബിസി 2400 നടുത്തുളള ഒരു പുരാതന സുമേറിയൻ ക്ഷേത്രത്തിൽ നിന്നുളളതാണെന്ന നിഗമനത്തിൽ അവരെത്തി. വളരെ പ്രധാന്യമുളള ഈ ഒരു ഭാഗം ഇറാഖിൽ നിന്നുള്ളതാണെന്നും ലണ്ടനിലെ അധികൃതർ അത് കണ്ടെത്തുകയായിരുന്നുവെന്നും ബ്രിട്ടീഷ് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുളള ക്ഷേത്ര ശിലാഫലകങ്ങൾ അപൂർവമാണ്. ഇറാഖിന് മടക്കി നൽകുന്നതിന് മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇത് പ്രദർശിപ്പിക്കാൻ ഇറാഖ് അനുമതി നൽകിയെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് മ്യൂസിയം, നിയമവിരുദ്ധ കച്ചവടത്തിനെതിരേയും സാംസ്കാരിക പൈതൃകത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരേയും പോരാടാൻ പ്രതിജ്ഞാബദ്ധമാണെന്ന് മ്യൂസിയം ഡയറക്ടർ ഹാർട്വിങ് ഫിഷർ പറഞ്ഞു. ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇപ്രകാരം കൊളളയടിക്കപ്പെട്ട പുരാതനവസ്തുക്കൾ മടക്കിനൽകാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബ്രിട്ടീഷ് മ്യൂസിയം 2019ൽ അറിയിച്ചിരുന്നു. Content Highlights: Britain to return 4000 year old plaque to Iraq
from mathrubhumi.latestnews.rssfeed https://ift.tt/3kX63Du
via
IFTTT