Breaking

Monday, September 28, 2020

പാലാരിവട്ടം പാലം: പൂജ കഴിഞ്ഞു, പൊളിക്കല്‍ തുടങ്ങി; എട്ടുമാസത്തിനുള്ളില്‍ പുതിയ പാലം

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എട്ടുമാസത്തിനുള്ളിൽ പാലം പൊളിച്ചു പണിയുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊളിക്കൽ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തിൽ പൂജ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു. പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചപ്പോൾ| ഫോട്ടോ: ബി മുരളീകൃഷ്ണൻ \മാതൃഭൂമി ആദ്യഘട്ടത്തിൽ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഈ രണ്ട് മേൽപ്പാലങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് ബൈപ്പാസിലേക്ക് കടക്കാൻ, പാലാരിവട്ടം പാലം ഉണ്ടായിരുന്നെങ്കിൽ വലിയ പ്രയോജനകരമായിരുന്നു. പാലാരിവട്ടം പാലം ഇല്ലാത്ത സ്ഥിതി ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. ഇതിനു ശേഷമായിരിക്കും ഗതാഗതം ഏതൊക്കെ വഴി തിരിച്ചു വിടണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക. പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. കഷ്ണങ്ങളാക്കുന്ന ഗർഡർ ചെല്ലാനത്ത് കടൽ ഭിത്തി നിർമിക്കാനായി ഉപയോഗിക്കാം എന്ന നിർദേശം ഉയർന്നു വന്നിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടത്. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആർ.സി.യും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പ്രകടിപ്പിച്ചത്. ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാലം പൊളിച്ചു തുടങ്ങുമ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഇതും നീക്കും. നിലവിലെ ബലക്ഷയമുള്ള പിയർ ക്യാപ്പുകൾ ബലപ്പെടുത്തിയാൽ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കിൽ പിയർ ക്യാപ്പുകളും മാറ്റിയേക്കാം. content highlights:palarivattom flyover reconstruction starts


from mathrubhumi.latestnews.rssfeed https://ift.tt/3kQKxjG
via IFTTT