Breaking

Sunday, September 27, 2020

സ്‌പ്രിംക്ലർമുതൽ ലൈഫ് മിഷൻവരെ; ഇടപാടുകളിലെ ജാഗ്രതക്കുറവിൽ കുരുങ്ങി സർക്കാർ

കൊച്ചി: സ്‌പ്രിംക്ലർമുതൽ ലൈഫ് മിഷൻവരെയുള്ള ഇടപാടുകളിൽ സംസ്ഥാനസർക്കാരിനെ കുരുക്കിലാക്കിയത് നിയമപരമായ നടപടികൾ പാലിക്കുന്നതിലെ വീഴ്ചകൾ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ഉറപ്പിച്ചപ്പോൾ വിദേശസഹായ നിയന്ത്രണച്ചട്ട പ്രകാരമുള്ള (എഫ്.സി.ആർ.എ.) നടപടികൾ പാലിക്കാത്തതാണ് സി.ബി.ഐ. അന്വേഷണത്തിലേക്ക് എത്തിച്ചിരിക്കുന്നത്.കോവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംക്ലറിന് വിവരവിശകലനത്തിന്റെപേരിൽ കൈമാറാൻ തീരുമാനിച്ചപ്പോഴും ഇതേ വീഴ്ചയുണ്ടായി. ബെവ് ക്യൂ ആപ്പ്, ഇ-മൊബിലിറ്റി കൺസൾട്ടൻസി വിഷയത്തിലും വീഴ്ചകൾ സർക്കാരിനെതിരായ വിമർശനമായി ഉയർന്നു. വിവാദമായ ഇത്തരം ഇടപാടുകൾ നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറായിരുന്നു.വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ഒപ്പിടാൻ യു.എ.ഇ. കോൺസുലേറ്റിനെയും യൂണിടാകിനെയും അനുവദിച്ചതോടെ സർക്കാർ ശരിക്കും കുരുക്കിൽ അകപ്പെടുകയായിരുന്നു. എഫ്.സി.ആർ.എ.യിൽ പറയുന്ന നിയമങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നത്. മുഖ്യമന്ത്രി ചെയർമാനും തദ്ദേശമന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷനാണ് കരാറിൽ പങ്കാളിയായ യൂണിടാക് എന്ന സ്വകാര്യ കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് തെളിയിക്കപ്പെട്ടാൽ കുരുക്കഴിക്കുക എളുപ്പമാകില്ല. എഫ്.സി.ആർ.എ. നിയമലംഘനത്തോടൊപ്പം ഗൂഢാലോചന എന്ന കുറ്റവുംകൂടി സി.ബി.ഐ. ചുമത്തിയിരിക്കുന്നത് ഇതിനാലാണ്.പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായാണ് സി.ബി.ഐ. കോടതിയിൽ നൽകിയിരിക്കുന്ന എഫ്.ഐ.ആറിൽ പറയുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെടുന്ന സാഹചര്യമാണെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.എഫ്.സി.ആർ.എ. നിയമത്തിലെ 43-ാം വകുപ്പനുസരിച്ചുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് ലൈഫ് മിഷൻ പദ്ധതിയിൽ സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രസർക്കാർ അനുമതിനൽകിയിരിക്കുന്നത്. അപൂർവമായി മാത്രമാണ് ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് സി.ബി.ഐ. അന്വേഷണമെന്ന വിമർശനംപോലും ഉന്നയിക്കാൻ കഴിയാത്തവിധമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിയമപരമായ വീഴ്ചകളെന്നാണ് വിലയിരുത്തപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3if5JhL
via IFTTT