Breaking

Tuesday, September 22, 2020

സലാഹുദ്ദീന്‍ വധം: ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം അറസ്റ്റില്‍, വാളുകള്‍ കുളത്തില്‍

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. മുഖ്യശിക്ഷക് ചുണ്ടയിൽ പള്ളിയത്തു ഞാലിൽ അമൽരാജ് (22), പ്രവർത്തകനും അയൽവാസിയുമായ പി.കെ.നിവാസിൽ റിഷിൽ (24) എന്നിവർകൂടി അറസ്റ്റിലായി. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന നാലുവാളുകൾ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആൾതാമസമില്ലാത്ത പറമ്പിലെ ചെറിയ കുളത്തിൽനിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി 10.30-ഓടെ നമ്പൂരിക്കുന്നിനു സമീപത്തുനിന്നാണ് കണ്ണവം ഇൻസ്പെക്ടർ കെ.സുധീറും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്ത് തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോവിഡ് പരിശോധനയ്ക്കുശേഷം ജയിലിലേക്ക് അയക്കും. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ നേരത്തേ കണ്ടെടുത്തത് നമ്പൂരിക്കുന്നിനടുത്തുള്ള അമ്മാറമ്പ് കോളനി പരിസരത്തുനിന്നാണ്. ഒരുമാസത്തോളം നീണ്ട ആസൂത്രണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. കോളയാട് ചോലയിലെ സജേഷിന്റെ പക്കൽനിന്ന് അമൽരാജാണ് കാർ വാടകയ്ക്കെടുത്തത്. ആദ്യം ഓഗസ്റ്റ് 19-ന് എടുത്തെങ്കിലും ഓണം അടുത്തതിനാൽ തിരിച്ചുകൊടുത്തശേഷം സെപ്റ്റംബർ രണ്ടിന് വീണ്ടുമെടുത്തു. കൊലപാതകസ്ഥലത്തേക്ക് അമൽരാജ് തന്നെയാണ് മറ്റ് പ്രതികളുമായി കാറിൽ വന്നത്. മടങ്ങിയപ്പോഴും ഇയാളാണ് വാഹനമോടിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. അമൽരാജും സംഘവും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. നേരത്തേ പ്രതികളിലൊരാൾ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്ത സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററോളം അകലെ ആൾതാമസമില്ലാത്ത പറമ്പിലെ ചെറിയ കുളത്തിൽനിന്നാണ് വാളുകൾ കണ്ടെടുത്തത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവർ അഞ്ചായി. ഇനി അഞ്ചുപേരെക്കൂടി കിട്ടാനുണ്ട്. സെപ്റ്റംബർ എട്ടിന് 3.30-ഓടെ സഹോദരങ്ങൾക്കൊപ്പം കാറിൽ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. Content Highlights:kannur sdpi worker salahudheen murder case two rss activists arrested


from mathrubhumi.latestnews.rssfeed https://ift.tt/3ciKbzn
via IFTTT