തൊടുപുഴ: 'കരുണാമയനേ കാവൽവിളക്കേ, കനിവിൻ നാളമേ...' കൂപ്പുകൈയോടെ തൊണ്ടയിടറി ഗസ്നി പാടിത്തുടങ്ങി. ജീവനും ജീവിതവുമായ പാട്ടുപെട്ടി കനിവില്ലാത്ത ആരോ കവർന്നുകൊണ്ടുപോയതിന്റെ ദുഃഖം 'കരുണാമയനോട്' കരഞ്ഞുപാടാനേ ആ വയോധികന് കഴിയുന്നുള്ളൂ. പ്രായത്തിന്റെ അവശത തളർത്താത്ത സ്വരമാധുര്യം കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ മുഹമ്മദ് ഗസ്നിയെന്ന തെരുവുഗായകന്റെ പാട്ടുപെട്ടിയാണ് തൊടുപുഴയിൽനിന്ന് ആരോ കവർന്നത്. കോഡ്ലെസ് മൈക്കും സ്പീക്കറും ചാർജറുമൊക്കെയുള്ള പാട്ടുപെട്ടി പോയതോടെ ഗസ്നിയുടെ (69) ഉപജീവനമാർഗം നിലച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പാട്ട് കേട്ട നടൻ മോഹൻലാലിന്റെ നിർദേശപ്രകാരം ആന്റണി പെരുമ്പാവൂർ വാങ്ങി നൽകിയ പാട്ടുപെട്ടിയാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം തൊടുപുഴയിലെത്തിയത്. ഞായറാഴ്ച മൂവാറ്റുപുഴയിലേക്ക് പോകാൻ സിവിൽ സ്റ്റേഷന് മുമ്പിലെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്നു. അതിനിടെ ക്ഷീണത്താൽ മയങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ പാട്ടുപെട്ടിയില്ല. കരുണയുള്ള ഒരുകൂട്ടം ടാക്സി-ഓട്ടോ തൊഴിലാളികൾ പുതിയ മൈക്കും സ്പീക്കറും വാങ്ങി നൽകി. പക്ഷേ, അത് തെരുവിലെ പാട്ടിന് ഉപയോഗിക്കാൻ കഴിയില്ല. പാട്ടുപെട്ടി നഷ്ടപ്പെട്ട കാര്യം തൊടുപുഴ പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. പൊതുപ്രവർത്തകൻ മനോജ് കോക്കാട്ടിന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പാട്ടുപെട്ടി നഷ്ടപ്പെട്ട കാര്യം ഗസ്നി പറഞ്ഞത്. വയനാട്ടിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3cGq9Pv
via
IFTTT