Breaking

Wednesday, September 30, 2020

എച്ച്.എ.എലിന് ചരിത്രമുഹൂർത്തം; 300-ാമത്തെ ധ്രുവ് പുറത്തിറക്കി

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്(എച്ച.്എ.എൽ.) തദ്ദേശീയ ധ്രുവ് ഹെലികോപ്റ്റർ നിർമാണത്തിൽ ചരിത്രമുഹൂർത്തം. 300-ാമത്തെ ഹെലികോപ്റ്റർ എച്ച്.എ.എൽ. പുറത്തിറക്കി. വിവിധോദ്ദേശ്യ ആധുനിക ഹെലികോപ്റ്ററാണ് എ.എൽ.എച്ച്. ധ്രുവ്. 1992 ഒാഗസ്റ്റ് 30-നാണ് ഹെലികോപ്റ്ററിന്റെ ആദ്യമാത്യക നിർമിച്ചത്. ലോകോത്തര നിലവാരമുള്ളതാണ് ധ്രുവ് ഹെലികോപ്റ്ററെന്ന് എച്ച്.എ.എൽ. ചെയർമാൻ ആർ. മാധവൻ പറഞ്ഞു. എ.എൽ.എച്ച്. ധ്രുവ് മാർക്ക് ഒന്ന് ശ്രേണിയിൽപ്പെട്ട ഹെലികോപ്റ്ററാണ് ആദ്യം നിർമിച്ചിരുന്നത്. ഇപ്പോൾ ആധുനിക മാർക്ക് നാല് ശ്രേണിയിൽപ്പെട്ട ധ്രുവാണ് പുറത്തിറക്കുന്നത്. എച്ച്.എ.എൽ. എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ വൈ.കെ. ശർമയിൽനിന്ന് ഹെലികോപ്റ്റർ കോപ്ലക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.വി.എസ.് ഭാസ്കർ കോപ്റ്റർ ഏറ്റുവാങ്ങി. സൈന്യം ഉപയോഗിക്കുന്ന ധ്രുവ് വിവിധ ദൗത്യങ്ങളിൽ കഴിവ് തെളിയിച്ചതാണ്. സേനയ്ക്കായി എച്ച്.എ.എൽ. 73 എ.എൽ.എച്ച്. ധ്രുവ് ഹെലികോപറ്ററാണ് നിർമിക്കുന്നത്. ഇതിൽ 41 എണ്ണം കരസേനക്കും 16 എണ്ണം നാവിക സേനക്കുംവേണ്ടിയാണ്. കോസ്റ്റ് ഗാർഡിന് വേണ്ടിയുള്ളതാണ് 16 എണ്ണം. ഇതിൽ 38 എണ്ണത്തിന്റെ നിർമാണം ഇതിനകം പൂർത്തിയായി. ബാക്കി 2022-നുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. എച്ച്.എ.എലിന്റെ തദ്ദേശീയ ലഘുയുദ്ധ ഹെലികോപ്റ്ററായ എൽ.സി.എച്ചിന്റെ ഗ്രൗണ്ട് പരീക്ഷണവും നടന്നു. ചിഫ് ടെസ്റ്റ് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ(റിട്ട.) ഹരികൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ(റിട്ട.) സി. ജി. നരസിംഹ പ്രസാദ് എന്നിവരാണ് എൽ.സി.എച്ച്. പറത്തിയത്. Content Highlights: HAL rolls out 300th advanced light helicopter Dhruv


from mathrubhumi.latestnews.rssfeed https://ift.tt/2S7B7Ed
via IFTTT