Breaking

Tuesday, September 29, 2020

കോൺസുലേറ്റ് ഉദ്യോഗസ്ഥൻ കമ്മിഷൻ ആവശ്യപ്പെട്ടു - യൂണിടാക് ഉടമ

സന്തോഷ് ഈപ്പൻ കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ. സി.ബി.ഐ. കൊച്ചി ഓഫീസിൽ തിങ്കളാഴ്ച രണ്ടരമണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പിലാണ് സന്തോഷ് ഈപ്പൻ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. കരാർ കിട്ടാൻ കൈക്കൂലി നൽകിയിട്ടില്ലെന്നും വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം തന്നെ വിളിച്ചേൽപ്പിക്കുകയായിരുന്നെന്നും സന്തോഷ് ഈപ്പൻ സി.ബി.ഐ.യോടു വെളിപ്പെടുത്തി. ലൈഫ് മിഷൻ ക്രമക്കേടിൽ വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ. കേസെടുത്തത്. യൂണിടാക് ഓഫീസിലും സന്തോഷ് ഈപ്പന്റെ വീട്ടിലുംനടന്ന റെയ്ഡിനുശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സി.ബി.ഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. രാത്രി ഏഴരവരെ നീണ്ട ചോദ്യംചെയ്യലിനുപുറമേ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ചില രേഖകളും സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിനു നൽകി. ഇവ പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സി.ബി.ഐ. നൽകുന്ന സൂചന. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിനായി നാലരക്കോടി രൂപയോളം കമ്മിഷൻ നൽകിയതായാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. ഇതിനെ കോഴയായി കാണാനാവില്ല. തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചത്. തന്റെ കമ്പനിയിൽ നേരത്തേ ജോലിചെയ്തിരുന്ന യദു രവീന്ദ്രനാണ് ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്തിയത്. കരാറിന്റെ കമ്മിഷനായ നാലരക്കോടിയിൽ മൂന്നരക്കോടി കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി നൽകി. ഇതേ മൊഴിയാണ് മറ്റു മൂന്ന് അന്വേഷണ ഏജൻസിക്കുമുന്നിലും സന്തോഷ് ഈപ്പൻ നൽകിയത്. സന്ദീപിന്റെ കമ്പനിയായ 'ഇസോമങ്കി'ലേക്ക് 70 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറി. ഇതല്ലാതെയും ചിലർക്ക് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്നത് കമ്മിഷനായി കാണാനാവില്ലെന്നും ഇത് കോഴ നൽകലാണെന്നുമാണ് സി.ബി.ഐ.യുടെ വിലയിരുത്തൽ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ യൂണിടാക്കിൽനിന്നു പണം കൈപ്പറ്റിയിട്ടുണ്ടോയെന്നാണ് സി.ബി.ഐ. പരിശോധിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/3i5MRS8
via IFTTT