Breaking

Wednesday, September 30, 2020

വഴിമുടക്കിയ ബൈക്കുകാരന് കിട്ടിയത് ‘എട്ടിന്റെ പണി’

കരിവെള്ളൂർ: നാലുകിലോമീറ്ററോളം ദൂരം കെ.എസ്.ആർ.ടി.സി. ബസിന്റെ വഴിമുടക്കിയ ബൈക്കുകാരന് മോട്ടോർവാഹന വകുപ്പ് നൽകിയത് 'എട്ടിന്റെ പണി'. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയാണ് നിയമലംഘനത്തിന് തെളിവായത്. സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 1.30-നാണ് സംഭവം. കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ബസിനു മുന്നിലേക്ക് പെരുമ്പയിൽവച്ചാണ് യുവാവ് ബൈക്കുമായെത്തിയത്. പിന്നീട് നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാൻ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. യാത്രക്കാരും ബസ്ഡ്രൈവറും പലതവണ വിളിച്ചുപറഞ്ഞിട്ടും യുവാവ് ചെവിക്കൊണ്ടില്ല. ഇതിനിടയിൽ യാത്രക്കാരിലൊരാൾ ബൈക്കുകാരന്റെ പരാക്രമം വീഡിയോയിൽ പകർത്തി. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും പരാതി നൽകിയതോടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ കണ്ടോത്തെ വീട്ടിലെത്തി. അപകടകരമായി ബൈക്ക് ഓടിച്ചതിനും മാർഗതടസ്സമുണ്ടാക്കിയതിനും 10,500 രൂപ പിഴയീടാക്കി. ആർ.ടി.ഒ. (എൻഫോഴ്സ്മെന്റ്) ഒ.പ്രമോദ് കുമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (എൻഫോഴ്സ്മെന്റ്) പി.ടി.പദ്മലാൽ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (എൻഫോഴ്സ്മെന്റ്) ജിജേഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. Content Highlights: Ksrtc bus, Bicycle traveller, Motor vehicle department


from mathrubhumi.latestnews.rssfeed https://ift.tt/3jgeMQG
via IFTTT