Breaking

Monday, September 28, 2020

മക്കളെക്കുറിച്ചാരും മിണ്ടില്ല, പാർട്ടിയും മിണ്ടില്ല

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതി യോഗം ശനിയാഴ്ച രാവിലെ ആരംഭിക്കുമ്പോൾ വാർത്താ ചാനലുകളിലെ പ്രധാനവാർത്ത പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്ത് അന്വേഷിക്കാനുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കത്തിനെക്കുറിച്ചായിരുന്നു. എന്നാൽ വൈകീട്ട് അഞ്ചുവരെ ഓൺലൈനിൽ നീണ്ട യോഗത്തിൽ ഇക്കാര്യം എവിടെയും പരാമർശിക്കപ്പെട്ടില്ല, ആരും അക്കാര്യത്തെ കുറിച്ച് അന്വേഷിച്ചതുമില്ല. നേതാക്കളുടെ മക്കളുടെ ചെയ്തികളുടെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കേണ്ടന്ന നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗവും അംഗീകരിച്ചതിന്റെ പ്രതിഫലനമായിരുന്നു അത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ.പി. ജയരാജന്റെയും മക്കളെ ചൊല്ലി സമീപകാലത്തുണ്ടായ വിവാദങ്ങളൊന്നും സംസ്ഥാനകമ്മിറ്റിയിൽ വിഷയമായില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തേ നടത്തിയ പ്രസ്താവനകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു യോഗത്തിൽ ഇതെക്കുറിച്ചുണ്ടായ മൗനം. ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും മകനെക്കുറിച്ചുള്ള വാർത്തകൾ നിറയുമ്പോഴും വൈകീട്ട് പാർട്ടി സെക്രട്ടറി പത്രസമ്മേളനത്തിൽ പാർട്ടി നിലപാട് ആവർത്തിച്ചതും ശ്രദ്ധേയമായി. എല്ലാ അർഥത്തിലും ഒരുമിച്ച് നിൽക്കാനും കോൺഗ്രസിനും ബി.ജെ.പിക്കും എതിരേ തിരഞ്ഞെടുപ്പ് പോരാട്ടം ഊർജിതമാക്കാനുമുള്ള തന്ത്രങ്ങൾക്കാണ് യോഗം രൂപംനൽകിയത്. അതിനാൽ വിവാദ വിഷയങ്ങളിൽ എതിരഭിപ്രായമുള്ളവർ അത്തരം കാര്യങ്ങൾ ഉന്നയിക്കാൻ പോലും മെനക്കെട്ടില്ല. ദേശീയാടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരേ ശക്തമായ നിലപാടുകൾ എടുക്കുന്ന കോൺഗ്രസ് കേരളത്തിൽ വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്നും അവരിൽ ഒരു വിഭാഗം ബി.ജെ.പി.യോട് മൃദുസമീപനം സ്വീകരിക്കുന്നുണ്ടെന്നും ഇത് തുറന്നുകാട്ടുകയാണ് കാലം ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സമിതി വിലയിരുത്തി. മുസ്ലീം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടിവരെ ബി.ജെ.പിയോട് സൗഹൃദമാവാമെന്ന നിലപാടിൽ എത്തിയിട്ടുണ്ടെന്ന് ജലീൽ വിഷയം ചൂണ്ടിക്കാട്ടി നേതൃത്വം കുറ്റപ്പെടുത്തി. ഇതെല്ലാം തുറന്നുകാട്ടുകയും അതിന് പ്രവർത്തകരെയും അണികളെയും സമരസജ്ജരാക്കുകയുമാണ് വേണ്ടതെന്നും പാർട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ വിഷയം മുതൽ ലൈഫ് മിഷൻ വരെയുള്ള കാര്യങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനൊപ്പം കോൺഗ്രസിന്റെ കേരളലൈൻ തുറന്നുകാട്ടുകയും വേണമെന്ന ആഹ്വാനത്തോടെയാണ് യോഗം പിരിഞ്ഞത്. ഇടയ്ക്കിടെ ഉയർന്നുവരുന്ന ഓരോ വിവാദങ്ങളും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ ഭരണത്തുടർച്ചയ്ക്കായുള്ള ജനഹിതംവരെ പടിവാതിൽക്കൽ നിൽക്കെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള ആഹ്വാനത്തോടെയാണ് യോഗം പിരിഞ്ഞത്. Content Highlights:CPM state committee not discussed the allegations against leaders Sons


from mathrubhumi.latestnews.rssfeed https://ift.tt/2HDa1mn
via IFTTT