Breaking

Tuesday, September 29, 2020

പരിസ്ഥിതിലോലപ്രദേശം ഒരുകിലോമീറ്റർവരെ; ജനവാസമേഖലകളിൽ വനംതന്നെ അതിർത്തി

തിരുവനന്തപുരം: വനാതിർത്തിക്കും വന്യജീവിസങ്കേതങ്ങൾക്കുംചുറ്റും പരിസ്ഥിതിലോലപ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതിനിർദേശം വ്യാഴാഴ്ചയോടെ സംസ്ഥാനം കേന്ദ്ര വനംമന്ത്രാലയത്തിന് നൽകും. വനാതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർവരെ പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിക്കുമെങ്കിലും ജനവാസമേഖലകളെ ഒഴിവാക്കിയുള്ള നിർദേശമാകും സംസ്ഥാനം നൽകുക. ഇതിനായി വന്യജീവിസങ്കേതങ്ങളുടെയും മറ്റും ഭൂപടം പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതോദ്യോഗസ്ഥർക്ക് വനംമന്ത്രി കെ. രാജു നിർദേശം നൽകി. വനാതിർത്തിയിൽനിന്ന് പൂജ്യംമുതൽ ഒരുകിലോമീറ്റർവരെ എന്നതുതന്നെയാണ് സംസ്ഥാനതീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വനത്തോടുചേർന്ന് കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ, വനംവകുപ്പിന്റെതന്നെ തോട്ടങ്ങൾ, പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങൾ തുടങ്ങിയവ ഈ ഒരുകിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോലപ്രദേശമായി നിശ്ചയിക്കാനാകും. ടൗൺഷിപ്പ്, ഒരു ഹെക്ടറിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ വീടുകൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ ഒഴിവാക്കും. അവിടങ്ങളിൽ അരക്കിലോമീറ്ററെങ്കിലും വേർതിരിക്കാനുണ്ടെങ്കിൽ അതിനുള്ള നിർദേശം സമർപ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വനംവകുപ്പ് തയ്യാറാക്കുന്ന നിർദേശം മുഖ്യമന്ത്രിയുടെ അനുമതിയോടെ നേരത്തേ നൽകിയ നിർദേശത്തിന്റെ ഭേദഗതിയായി കേന്ദ്രത്തിന് സമർപ്പിക്കും. മലബാർ മേഖലയിൽ അഞ്ചിനകം ഭേദഗതിനിർദേശം സമർപ്പിക്കണമെന്നാണ് കേന്ദ്രനിർദേശം.


from mathrubhumi.latestnews.rssfeed https://ift.tt/3i9U97l
via IFTTT