Breaking

Sunday, September 27, 2020

ബാർബർഷോപ്പിൽനിന്ന് ‘ബാറി’ലേക്ക്

കോതമംഗലം : കത്രികയും ചീർപ്പും പിടിച്ച കൈകളിൽ ഇനി വക്കാലത്തുകൾ നിറയും. കുടുംബം പുലർത്താൻ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയും പഠനം കൈവിടാതിരുന്ന സുമേഷ് ശനിയാഴ്ച അഭിഭാഷകനായി എൻറോൾ ചെയ്തു. ജുഡീഷ്യറി സർവീസെന്ന കുട്ടിക്കാലം മുതൽക്കേയുള്ള സ്വപ്നത്തിലേക്ക് ആദ്യ കാൽവെപ്പ്. തൃക്കാരിയൂർ സ്വദേശി സുമേഷിന്റെ പഠനം പ്ലസ് ടുവോടെ നിലച്ചതാണ്. ജീവിതം ചോദ്യചിഹ്നമായി നിന്നതോടെ, അച്ഛന്റെ സഹായിയായി ബാർബർ ഷോപ്പിലേക്ക്. അതിനിടെ അച്ഛൻ നിത്യരോഗിയായി. അതോടെ, ബാർബർഷോപ്പ് ഏറ്റെടുത്തു. ജോലിക്കിടെ പഠനത്തിന് സമയം കണ്ടെത്തിയ സുമേഷ് ബിരുദവും പിന്നീട് എൽ.എൽ.ബി.യും കരസ്ഥമാക്കി. തൃക്കാരിയൂർ തുളുശ്ശേരിക്കവലയ്ക്ക് സമീപം അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകനാണ് സുമേഷ്. കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും 24-ാം വയസിൽ പ്രൈവറ്റായി ബി.എ. ഇക്കണോമിക്സ് പാസായി. 30-ാം വയസിൽ എൽ.എൽ.ബി. എൻട്രൻസ് എഴുതിയെടുത്തു. തൊടുപുഴ ലോ കോളേജിൽ പ്രവേശനം നേടി. രാവിലെ കോളേജിൽ പോയി വൈകിട്ട് നാലരയോടെ തിരിച്ചെത്തി രാത്രി വരെ ബാർബർ ഷോപ്പിൽ ജോലി. തുടർന്ന് വീട്ടിലെത്തി ഒന്നരവരെ പഠനം. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് തലേന്ന് പഠിച്ചത് മറിച്ചുനോക്കി വീണ്ടും കോളേജിലേക്ക്. ജൂലായിൽ എൽ.എൽ.ബി. പരീക്ഷാഫലം വന്നപ്പോൾ സുമേഷിന് ഉന്നത വിജയം. എറണാകുളത്തോ പെരുമ്പാവൂരോ പ്രാക്ടീസ് ചെയ്യാനാണ് സുമേഷിന്റെ ആഗ്രഹം. സുമേഷിന്റെ നേട്ടം നാട്ടുകാരും ആഘോഷിക്കുകയാണ്. രാവിലെ മുതൽ നേരിട്ടും ഫോണിലൂടെയും അവർ സുമേഷിന് അഭിനന്ദനം അറിയിച്ചു. Content Highlights:Sumesh, who did not give up his studies while working in a barber shop, was enrolled as a lawyer


from mathrubhumi.latestnews.rssfeed https://ift.tt/3360bll
via IFTTT