Breaking

Tuesday, September 29, 2020

ബിഹാർ ജനവിധി; എൻ.ഡി.എ.യിൽ സീറ്റ് ചർച്ച തുടങ്ങി; 51 സീറ്റിനെച്ചൊല്ലി തർക്കം

ന്യൂഡൽഹി: ബിഹാർ ഭരിക്കുന്ന എൻ.ഡി.എ. മുന്നണിയിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ ആരംഭിച്ചു. 2015-ലെ തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിച്ച 51 സീറ്റുകളെച്ചൊല്ലി ബി.ജെ.പി.യും ജെ.ഡി.യു.വും തമ്മിൽ തർക്കം തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി രാം വിലാസ് പാസ്വാന്റെ പാർട്ടിയായ എൽ.ജെ.പി.യും ഇടഞ്ഞുനിൽക്കുകയാണ്. ജതിൻ റാം മാഞ്ജിയുടെ എച്ച്.എ.എമ്മും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പിയോട് പിണങ്ങി എൻ.ഡി.എ. വിട്ട ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിയായ ആർ.എൽ.എസ്.പി.യും മടങ്ങിയെത്തുന്നതോടെ ഭരണമുന്നണിയിൽ സീറ്റ് വീതംവെക്കൽ തലവേദനയാകും. അധികാരത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തോടെയാണ് എൻ.ഡി.എ. സഖ്യം സീറ്റ് ചർച്ചകൾ കഴിഞ്ഞദിവസം തുടങ്ങിയത്. ബി.ജെ.പി., ജെ.ഡി.യു., എൽ.ജെ.പി. എന്നീ പാർട്ടികളാണ് ഇപ്പോൾ ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിലുള്ളത്. ആർ.എൽ.എസ്.പി.യും എച്ച്.എ.എമ്മും രണ്ടുദിവസത്തിനുള്ളിൽ എൻ.ഡി.എ.യിൽ മടങ്ങിയെത്തും. ബിഹാറിന്റെ ചുമതലവഹിക്കുന്ന ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവും ജെ.ഡി.യു. നേതാക്കളായ രാജീവ് രഞ്ജൻ സിങ്, ആർ.സി.പി. സിങ് എന്നിവരും തമ്മിലാണ് പട്നയിൽ സീറ്റ് ചർച്ചകൾ നടക്കുന്നത്. 2015-ലെ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി ബി.ജെ.പി.യെ നേരിട്ട ജെ.ഡി.യു. ഇപ്പോൾ തർക്കമുള്ള 51 സീറ്റിൽ 28 എണ്ണത്തിലാണ് ജയിച്ചത്. ബി.ജെ.പി. 21-ലും. 2017-ൽ ജെ.ഡി.യു. എൻ.ഡി.എ. സഖ്യത്തിൽ തിരിച്ചെത്തി. അതിനാൽ, ഈ 51 സീറ്റിലെ മേധാവിത്വത്തെച്ചൊല്ലിയാണ് ഇരുകൂട്ടർക്കുമിടയിൽ ഇപ്പോൾ ആശയക്കുഴപ്പം. എച്ച്.എ.എമ്മും ഏഴ് എം.എൽ.എ.മാരുള്ള ആർ.എൽ.എസ്.പി.യും കൂടി മുന്നണിയിൽ തിരിച്ചെത്തുന്നതോടെ കൂടുതൽ സീറ്റുകൾ കണ്ടെത്തേണ്ടിവരും. 2015-ൽ എൽ.ജെ.പി.യെയോ ജെ.ഡി.യു.വിനെയോ തോൽപ്പിച്ചാണ് ഏഴിടത്ത് ആർ.എൽ.എസ്.പി. ജയിച്ചത്. അതിനാൽ പതേപുർ, ഗായ്ഘട്ട്, പർസ, കിയോട്ടി, സസാറാം, തേഗ്ര, പാലിഗഞ്ജ് എന്നീ മണ്ഡലങ്ങളിൽ ഉപേന്ദ്ര കുശ്വാഹ അവകാശവാദമുന്നയിക്കും. ദളിത്, പിന്നാക്ക ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങൾ എൽ.ജെ.പി.യും അവകാശപ്പെട്ടാൽ സീറ്റ് പങ്കിടൽ വീണ്ടും പ്രശ്നത്തിലാകും. ഈ സാഹചര്യത്തിൽ 2010-ലെ സീറ്റ് ഫോർമുല ഇക്കുറിയും പിന്തുടരാനുള്ള പ്രാഥമിക ധാരണയാണ് എൻ.ഡി.എ. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. 2010-ൽ ജെ.ഡി.യു. 141 സീറ്റിലാണു മത്സരിച്ചത്. 115-ൽ ജയിച്ചു. 102 ഇടത്തു മത്സരിച്ച ബി.ജെ.പി.ക്കാകട്ടെ 91 എണ്ണത്തിൽ ജയിക്കാൻ കഴിഞ്ഞു. എൽ.ജെ.പി. 2010-ൽ എൻ.ഡി.എ.യുടെ ഭാഗമായിരുന്നില്ല. തർക്കം പരിഹരിക്കുമെന്നും സീറ്റ് ചർച്ച ഒക്ടോബർ 10-നുമുമ്പ് തീർക്കുമെന്നും എൻ.ഡി.എ. നേതാക്കൾ പറഞ്ഞു. Content Highlights:Bihar Election; NDA seat-sharing discussion started


from mathrubhumi.latestnews.rssfeed https://ift.tt/2HBHcqh
via IFTTT