കൊല്ലം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടിപ്പ്. വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സംസ്ഥാന സൈബർ സെൽ തട്ടിപ്പ് സംബന്ധിച്ച വിവരം ഇന്റർപോളിന് കൈമാറി. പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കുന്ന സംഘം മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കും. തുടർന്ന് പണം ആവശ്യപ്പെടും. 2000 മുതൽ 50,000 വരയാണ് ആവശ്യപ്പെടുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുക. കൊല്ലം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ അടക്കമുള്ള ജില്ലകളിലാണ് കൂടുതലായി വ്യാജ അക്കൗണ്ടുകൾ നിർമിച്ചത്. കണ്ണൂർ ജില്ലയിലെ ഒരു എസ്ഐയുടെ പേര് ഉപയോഗിച്ച് 20,000 രൂപ സംഘം തട്ടിയെടുത്തു. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലും ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന സൈബർ സെൽ നാല് മാസമായി അന്വേഷണം തുടരുകയാണ്. നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് സംസ്ഥാന സൈബർ സെല്ലിന്റെ കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് ഇന്റർപോളിനെ അറിയിച്ചിട്ടുണ്ടെന്ന് സൈബർ ഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. Content Highlights: Money fraud by creating fake Facebook accounts of police officers
from mathrubhumi.latestnews.rssfeed https://ift.tt/2FVdo72
via
IFTTT