Breaking

Saturday, September 19, 2020

വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് കോടിയേരിക്കെതിരെ കേസെടുക്കണം- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വർഗ്ഗീയ സംഘർഷമുണ്ടാക്കാൻ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കോടിയേരിക്കെതിരെ മതസ്പർധ വളർത്തുന്നതിനെതിരെയുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്ലീംസമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സർക്കാരിനെ രക്ഷിക്കാനാണ് സി.പി.എം മതവർഗ്ഗീയരാഷ്ട്രീയം പയറ്റുന്നതെന്നും ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ സുരേന്ദ്രൻ ആരോപിച്ചു. ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സി.പി.എം സെക്രട്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്. ദേശദ്രോഹികൾക്ക് താവളമൊരുക്കിയ പിണറായി സർക്കാർ രാജിവെക്കുംവരെ ബി.ജെ.പി പ്രക്ഷോഭത്തിൽ നിന്ന് പിന്തിരിയില്ല. ഖുറാൻ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിർത്തിട്ടേയില്ലെന്നും നിയമങ്ങളെ കബളിപ്പിച്ച് സ്വർണ്ണവും പണവും കടത്തുന്നതിനെയാണ് എതിർത്തതെന്നും ലേഖനത്തിൽ പറയുന്നു. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ രഹസ്യമായി അട്ടിമറിക്കാനാണ് ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാത്ത, ഇടിമിന്നലിൽ നശിച്ചുപോയെന്നു പറഞ്ഞതും പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾക്ക് തീപിടിച്ചതും ഇതിന്റെ ഭാഗമായാണ്. സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സി.പി.എം അനുകൂലിയായ നഴ്സിന്റെ ഫോണിൽ അവർ പല ഉന്നതൻമാരെയും ബന്ധപ്പെട്ടതും കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് കെ.ടി ജലീലായതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്. ജലീൽ കുടുങ്ങിയാൽ മുഖ്യമന്ത്രിയും കുടുങ്ങും. ജലീൽ വിഷയത്തിൽ സി.പി.എം പൊളിറ്റ്ബ്യൂറോയുടെ മൗനം സംശയം ജനിപ്പിക്കുന്നതാണെന്നും വിദേശത്തു നിന്ന് വന്ന ഫണ്ട് അവർക്കും കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷണം കഴിഞ്ഞാലേ മനസിലാകൂ എന്നും സുരേന്ദ്രൻ ലേഖനത്തിൽ പറയുന്നു. സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസംദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചിരുന്നു. സർക്കാരിനെതിരായി നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നും കോടിയേരി ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. Content Highlights:case should be registered against Kodiyeri for trying to create communal tension- Surendran


from mathrubhumi.latestnews.rssfeed https://ift.tt/35PutdR
via IFTTT