കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയില്ലെന്ന ജോസ് കെ.മാണിയുടെ വാദങ്ങൾ തള്ളി കെ.എം.മാണിയുടെ വിശ്വസ്തനും കേരള കോൺഗ്രസ് (എം) മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ഇ.ജെ.ആഗസ്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്ന് തന്നെ അറിയിച്ചിരുന്നതായി ആഗസ്തി പറഞ്ഞു. കന്റോൺമെന്റ് ഹൗസിലെ ചർച്ചയ്ക്ക് ശേഷം പിറ്റേന്ന് കേരള കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു ആഗസ്തിയുടെ പ്രതികരണം. കെ.എം.മാണിയുടെ സന്തതസഹചാര്യയും 25 വർഷം യുഡിഎഫിന്റെ കോട്ടയം ജില്ലാ ചെയർമാനുമായിരുന്നു ഇ.ജെ.ആഗസ്തി. മുന്നണി സംവിധാനത്തിലല്ലാതെ കേരളത്തിൽ ഒറ്റയ്ക്കുനിൽക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജോസ് കെ.മാണി വിളിച്ചുചേർത്ത പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും തന്നെ അറിയിക്കാത്തതിനാൽ പങ്കെടുത്തില്ല. താൻ മാനസികമായി യുഡിഎഫുകാരനാണ്. ഇപ്പോഴത്തെ കാര്യങ്ങൾ ദൗർഭാഗ്യകരമെന്നും ആഗസ്തി പറഞ്ഞു. ഇതിനിടെ കെ.എം.മാണിയുടെ വിശ്വസ്തനായ ആഗസ്തിയെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ പി.ജെ.ജോസഫ് ആരംഭിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Vx9shU
via
IFTTT