കാഠ്മണ്ഡു: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിച്ചതായുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാർട്ടിയിൽ നിന്ന് സമ്മർദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന്മുൻപ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെസ്റ്റാൻഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കൾ ആഞ്ഞടിച്ചത്. ഒലി തികഞ്ഞ പരാജയമായതിനാൽ രാജിവെക്കണമെന്ന് മുൻപ്രധാനമന്ത്രിമാരായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രചണ്ഡ പറഞ്ഞു. ഇന്ത്യയല്ല, ഞാൻ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം പ്രചണ്ഡ ഒലിയോട് പറഞ്ഞു. ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാർശങ്ങൾ നടത്തിയതെന്ന് മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ എന്നിവരും വ്യക്തമാക്കി. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു. ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നു, ഇന്ത്യൻ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശർമ ഒലി തന്റെ വസതിയിൽ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്. ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുൻ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏറ്റുവമധികം വിമർശിച്ചത്. പ്രധാനമന്ത്രി പദവും പാർട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു. പാർട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യൻ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കിൽ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാർട്ടി നേതാവും മറ്റൊരു മുൻ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു. Content Highlights:Nepal party leaders tell PM Oli to prove India charge or resign
from mathrubhumi.latestnews.rssfeed https://ift.tt/2NGCaIU
via
IFTTT