Breaking

Wednesday, July 1, 2020

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ: പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക. അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകൾ അപകടത്തിൽ പെട്ടയാളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള നിർണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാൽ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസിയായി നിയമിക്കുക. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് വിവരങ്ങൾ. നിലവിൽ രാജ്യത്തെ 21,000 ഓളം സർക്കാർ - സ്വകാര്യ ആശുപത്രികൾ ആയുഷ്മാൻ ഭാരതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുക. നിലവിൽ രാജ്യത്ത് ഒരുവർഷം 1,50,000 ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ. ഒരുദിവസം രാജ്യത്ത് 1,200 റോഡ് അപകടങ്ങൾ നടക്കുന്നുണ്ടെന്നും അപകടങ്ങൾ മൂലം ദിനംപ്രതി 400 പേരോളം മരിക്കുന്നുവെന്നുമാണ് ഏകദേശ കണക്കുകൾ. പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാർലമെന്റ് കഴിഞ്ഞ വർഷം പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇൻഷുറൻസ് കമ്പനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തിൽ പെട്ട വാഹനം ഇൻഷ്വർ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും. വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിലും അപകടത്തിൽ പരിക്കേറ്റവർക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകും. Content Highlights:Govt plans scheme for cashless treatment of accident victims


from mathrubhumi.latestnews.rssfeed https://ift.tt/2BogLBC
via IFTTT