ന്യൂഡൽഹി: ഇന്ത്യവിഭജനകാലത്ത് നവഖാലിയിലെ രക്തംചിന്തിയ വഴികളിലൂടെ സമാധാനദൂതുമായി നടന്ന ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയാണ് ഭാഗീരഥി വിഹാറിലെ വന്ദനാ അഗർവാളും സീനത്ത് ജലീലും. വർഷങ്ങളായി സ്നേഹത്തോടെ അയൽവീടുകളിൽ കഴിഞ്ഞിരുന്ന ഇവർ അക്രമികൾ വിതച്ചുപോയ വിദ്വേഷത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല. തെരുവുകളിലൂടെ തോക്കുകൾ ഉയർത്തി നടന്നുനീങ്ങുന്ന സായുധസേനയെ ചൂണ്ടി കണ്ണീരോടെ വന്ദന പറഞ്ഞു: ''ആയുധമല്ല, സമാധാനം നൽകുന്നതിനു ഗാന്ധിയെപ്പോലൊരു നേതാവിനെയാണ് നമുക്കിപ്പോഴാവശ്യം”. കേട്ടുനിന്ന സീനത്തും പ്ലസ് ടു വിദ്യാർഥിയായ മകൻ സമീറും അതു ശരിവെക്കുന്നു. സാഹോദര്യത്തിന്റെ തുരുത്തിൽ സംശയത്തിന്റെ നഞ്ചുവിതച്ചാണ് അക്രമികൾ കടന്നുപോയത്. ഭാഗീരഥി വിഹാറിലെ ഇടുങ്ങിയ തെരുവുകളിലുള്ള സായുധസേനയുടെ റോന്തുചുറ്റൽ ഇതിനു സാക്ഷ്യം വഹിക്കുന്നു. വീട്ടമ്മമാരും കുട്ടികളും ഭയപ്പാടിൽനിന്ന് മോചിതരായിട്ടില്ല. വിവിധ പാർട്ടിനേതാക്കൾ വെവ്വേറെ വന്ന് വിവരങ്ങൾ തിരക്കി ഫോട്ടോ എടുത്തുപോയി കൂടുതൽ പ്രശ്നമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുകയാണിപ്പോഴെന്ന് വന്ദന പറയുന്നു. “ചില മാധ്യമങ്ങൾ സാഹോദര്യത്തിന്റെ കഥ പറഞ്ഞ് പ്രശ്നമെല്ലാം കഴിഞ്ഞു എന്നു ആശ്വസിക്കുകയാണ്. കലാപത്തിന്റെ ദുരിതം മുഴുവൻ അനുഭവിക്കുന്ന വീട്ടമ്മമാരെയും കുട്ടികളെയും കരുതി, എല്ലാ നേതാക്കളും ഒന്നിച്ചുവന്ന് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്”- സീനത്ത് അഭ്യർഥിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ സ്ഥലമാണ് ഭാഗീരഥി വിഹാർ ഫേസ് വൺ. “തിങ്കളാഴ്ച നാലോടെയാണ് ഇരുനൂറ്റമ്പതോളംപേർ ഹെൽമെറ്റു ധരിച്ച് ആക്രമിക്കാനെത്തിയത്. രണ്ടുമണിക്കൂറോളം അവർ തുടരെത്തുടരെ വെടിയുതിർത്തു. ചവണ ഉപയോഗിച്ച് വീടുകൾക്കുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. മതഭേദമില്ലാതെ എല്ലാ വീടുകൾക്കും നാശമുണ്ടായി. ആറുമണിയോടെയാണ് അവർ മടങ്ങിയത്. രാത്രി എട്ടുമണിയോടെ മാത്രമാണ് പോലീസെത്തിയത്. രോഗശയ്യയിലുള്ള അമ്മ മരിക്കാതിരുന്നത് ദൈവാനുഗ്രഹം”- വന്ദനയ്ക്കു കരച്ചിലടക്കാനാവുന്നില്ല. വിവാഹമോചിതയായ ഈ 43-കാരി ഭജൻപുരയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയാണ്. അമ്മ പ്രേംലത അഗർവാൾ കിടപ്പിലാണ്. മൂത്ത മകൾ വിവാഹിതയായി. 21-കാരനായ മകൻ ധീരജ് കുമാർ റിക്ഷാ ഡ്രൈവറാണ്. ഇത്രയും നാളുകളാൽ നേടിയ ജീവിതത്തിലെ സമാധാനം പുറത്തുനിന്നെത്തിയ കുറച്ചു മതഭ്രാന്തർ ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്ന് വന്ദന പറയുന്നു. ഭർത്താവിനും മൂന്നു മക്കൾക്കുമൊപ്പം കഴിയുന്ന സീനത്തും വന്ദനയോടൊപ്പം ചേർന്ന് രോഷം കൊള്ളുന്നു. നാലഞ്ചുദിവസമായി ജോലിക്കുപോകാത്ത ഫാർമസിസ്റ്റായ 25-കാരൻ പ്രേരിത് കുമാർ, പത്രലേഖകനാണെന്നറിഞ്ഞപ്പോൾ കൈയിൽപ്പിടിച്ചുവലിച്ച് നിങ്ങൾ ആ തോക്കു പിടിച്ചുനിൽക്കുന്നവരോട് കാര്യങ്ങൾ ചോദിക്കൂ എന്നലറി. അങ്ങിങ്ങുള്ള ചെറുപ്പക്കാർ അടുത്തുകൂടിയപ്പോൾ ഭയം പുറത്തുകാട്ടാതെ ചിരിച്ച് പ്രേരിതിന്റെ പുറത്തു തട്ടിയപ്പോഴാണ് അയാൾ ശാന്തനായത്. വീട്ടിലെ സ്ത്രീകളും കുട്ടികളുമെല്ലാം കുറേ നാളായി ഭീതിയിലാണെന്നും യുവാക്കളാരും ജോലിക്കു പോകുന്നില്ലെന്നും പ്രേരിത് പറഞ്ഞു. ”രാജ്ഘട്ടിൽ നിരാഹാരമിരിക്കലും പ്രസ്താവനയിറക്കലും അഹിംസയെക്കുറിച്ചു പറയലുമാണിപ്പോൾ രാഷ്ട്രീയക്കാരുടെ പണി. മനസ്സുകളിലുണ്ടായിട്ടുള്ള വിള്ളൽ മാറ്റാൻ അവരാരും ശ്രമിക്കുന്നില്ല”- പ്രേരിത് ഒച്ചയുയർത്തി. ഭജൻ പുരയിലെ ആഷിഷ് കുമാർ മഹ്സൂരിയുടെയും മഹേന്ദ്ര അഗർവാളിന്റെയും പെട്രോൾപമ്പ് കത്തിക്കരിഞ്ഞത് മൊബൈലിൽ പകർത്തുന്ന യുവാവായ മെഹ്രാജ് സിങ്ങിനും ഇതേ അഭിപ്രായമാണ്. ബ്രിജ്പുരിയിലെ സീനത്ത് അക്വീലിന്റെ പതിമൂന്നുകാരിയായ മകൾ തൂബ അക്വീലിന് നാലു ദിവസമായി മിണ്ടാട്ടമില്ല. കുടുംബാംഗങ്ങൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവൾ കരയും. അവളുടെ കൺമുന്നിലാണ് അക്രമികൾ പഠിക്കുന്ന സ്കൂളിനു തീയിട്ടത്. തൂബയോട് ഏറെ അടുപ്പമുള്ള അമ്മയുടെ സഹോദരീപുത്രൻ കൊല്ലപ്പെട്ടു. മകൾക്ക് കൗൺസലിങ് നൽകേണ്ടിവരുമോ പഴയസ്ഥിതിയിലാകാൻ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ഇതേ അവസ്ഥയിലാണ് പ്രദേശത്തെ ഒട്ടേറെ കുട്ടികൾ. content highlights;after delhi riot people speak
from mathrubhumi.latestnews.rssfeed https://ift.tt/32DpDMY
via
IFTTT