ദോഹ/കാബുൾ: അഫ്ഗാനിസ്താനിൽ വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽനിന്ന് യു.എസ്. പിന്മാറുകയാണ്. 14 മാസംകൊണ്ട് അഫ്ഗാനിലെ യു.എസ്. സൈനികരെയെല്ലാം പടിപടിയായി പിൻവലിക്കാനുള്ള ചരിത്രപരമായ ഉടമ്പടികൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നതും അതുതന്നെ. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ഒരുവർഷത്തോളം ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഉടമ്പടി ഒപ്പിടുന്നത്. അധികാരമേറിയതുമുതൽ ട്രംപ് ഇതിന് പ്രത്യേക പരിഗണനനൽകിയിരുന്നു. ''18 വർഷത്തോളമായി തുടരുന്ന അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്താനുള്ള സുവർണാവസരമാണിത്. ഈ ഉടമ്പടിയെ അഫ്ഗാനിലെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്'' - എന്നാണ് ദോഹയിൽ ഉടമ്പടി ഒപ്പിടും മുമ്പ് ട്രംപ് പറഞ്ഞത്. ഉടമ്പടി പ്രകാരം അഫ്ഗാൻ സർക്കാരും താലിബാനും പ്രവർത്തിച്ചാൽ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാന് മുന്നേറാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാൻ യു.എസ്. ആഭ്യന്തരസെക്രട്ടറി മൈക്ക് പോംപിയോയാണ് ദോഹയിലെത്തിയത്. അതേസമയം പ്രതിരോധസെക്രട്ടറി മാർക് എസ്പർ കാബൂളിൽ അഫ്ഗാൻ സർക്കാരുമായി സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചു. കരാറിൽ നിർദേശിച്ച രീതിയിൽ അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ചർച്ച സാധ്യമായാൽ അഫ്ഗാനിൽ യുദ്ധങ്ങൾക്ക് അറുതിയാവും. എന്നാൽ അതിന് ശക്തമായ സർക്കാർ അഫ്ഗാന് ആവശ്യമാണ്. സമാധാനത്തിനുള്ള ആദ്യചുവട് എന്നാണ് കരാറിനെക്കുറിച്ച് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് പ്രതികരിച്ചത്. ഇസ്ലാമിക ഭരണം കൊണ്ടുവരുമെന്ന് താലിബാൻ അഫ്ഗാനിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുമെന്ന് താലിബാൻ നേതാവ് ബറാദർ വ്യക്തമാക്കി. അഫ്ഗാന്റെ പുനരുദ്ധാരണത്തിന് അയൽരാജ്യങ്ങളുടെ സഹായവും തേടി. അതേസമയം അഫ്ഗാൻ ജയിലുകളിലുള്ള 5000 തടവുകാരെ മോചിപ്പിക്കണമെന്ന താലിബാൻ മുന്നോട്ടുവെക്കുന്ന ആവശ്യത്തിൽ അഫ്ഗാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. സൈനിക പിന്മാറ്റം കരാർ വ്യവസ്ഥകൾ താലിബാൻ പാലിക്കുന്നെന്ന് ഉറപ്പുവരുത്തിയാകും പൂർത്തിയാക്കുക. content highlights;Afghanistans Taliban, US sign peace deal
from mathrubhumi.latestnews.rssfeed https://ift.tt/384JLJ6
via
IFTTT