Breaking

Friday, September 6, 2019

കശ്മീർ വിഷയത്തിൽ രാഷ്ട്രീയവിജയവുമായി സി.പി.എം.

ജമ്മുകശ്മീരിനെ രണ്ടാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്രസർക്കാർ രാജ്യത്തെ അമ്പരപ്പിച്ചപ്പോൾ, പ്രതിപക്ഷനിരയിൽ രാഷ്ട്രീയവിജയം നേടാനായത് സി.പി.എമ്മിന്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നിയമപോരാട്ടത്തിലൂടെ ശ്രീനഗറിലെത്താനും കേന്ദ്രകമ്മിറ്റി അംഗമായ യൂസുഫ് തരിഗാമിയെ കാണാനും സാധിച്ചു. ഒടുവിൽ അദ്ദേഹത്തെ ഡൽഹി എയിംസിൽ ചികിത്സയ്ക്കെത്തിക്കാനുള്ള ഉത്തരവ് സമ്പാദിക്കാനുമായി. കോൺഗ്രസിന്റെ മുതിർന്ന നേതാവും ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് സ്വന്തം കുടുംബവീട്ടിൽ ചെല്ലാൻപോലും അനുമതി നിഷേധിക്കപ്പെട്ടിരിക്കെയാണ് യെച്ചൂരിയുെട നീക്കം ഫലംകണ്ടത്. വീട്ടുതടങ്കലിലുള്ള തരിഗാമിയെ ചികിത്സയുടെ പേരിലാണെങ്കിലും ഒരർഥത്തിൽ മോചിപ്പിക്കാൻ കഴിഞ്ഞതും നേട്ടമായി. ഒരുമാസത്തെ വീട്ടുതടങ്കലിനുശേഷമാണ് തരിഗാമി കശ്മീരിനുപുറത്തെത്തുന്നത്. താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയനേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ 'മോചനം'. ഓഗസ്റ്റ് ആദ്യവാരം യെച്ചൂരി ശ്രീനഗർ സന്ദർശിച്ചിരുന്നു. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും വിമാനത്താവളത്തിനുപുറത്തിറങ്ങാൻ സമ്മതിക്കാതെ തിരിച്ചയച്ചു. പിന്നീട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷനേതാക്കളുടെ സംഘത്തിലും യെച്ചൂരിയുണ്ടായിരുന്നു. അന്നും വിമാനത്താവളം വരെയെത്തി മടങ്ങിപ്പോരേണ്ടി വന്നു. തുടർന്ന്, അദ്ദേഹം ജനാധിപത്യത്തിൽ നിയമസംവിധാനത്തിലുള്ള വഴി സ്വീകരിക്കുകയായിരുന്നു. തരിഗാമി വിഷയത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇതോടെ, വിഷയത്തിൽ ഇടപെടാൻ കോടതിയും നിർബന്ധിതമായി. ശ്രീനഗറിൽ താൻ കണ്ട സ്ഥിതിഗതികൾ കോടതിയെ അറിയിക്കാൻ യെച്ചൂരി സത്യവാങ്മൂലത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് അവസരം ലഭിച്ചാൽ, കേന്ദ്രസർക്കാർ വാദങ്ങൾ നിരർഥകമാണെന്ന് സാധൂകരിക്കാനുള്ള റിപ്പോർട്ടും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കോടതിയിൽ സമർപ്പിക്കും. Content highlights:Kashmir issue CPM Tarigami


from mathrubhumi.latestnews.rssfeed https://ift.tt/2A1o8up
via IFTTT