Breaking

Monday, September 2, 2019

തുഷാറിനെ കുടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണംകൊടുത്ത് വാങ്ങിയതെന്ന് സൂചന; നാസിലിന്റെ ശബ്ദസന്ദേശം പുറത്ത്

ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തായി. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്ന് തെളിയുന്നു. 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാൻ പോലീസ് തുഷാർ വെള്ളാപ്പിള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ തുഷാർ ഇത് തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ഇത്തരത്തിൽ ഒരു ചെക്ക് നൽകുകയോ നാസിൽ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകൾ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം. നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസിൽ സുഹൃത്തിന് ഉറപ്പ് നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ കൃത്യമായി പറയുന്നുണ്ട്. തുഷാർ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോൾ തന്നെ കുടുക്കണമെന്നുമാണ് നാസിൽ പറയുന്നത്. പെട്ടെന്ന് തന്നെ അവർ ഒത്തുതീർപ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിർഹമെങ്കിലും ഒത്തുതീർപ്പ് ചർച്ചയിലൂടെ കിട്ടുമെന്നുമാണ് പണം സംഘടിപ്പിച്ച് തരാൻ ആവശ്യപ്പെടുന്ന സന്ദേശത്തിൽ നാസിൽ പ്രതീക്ഷ പങ്കുവെക്കുന്നത്. ദുബായിയിൽ കേസ് കൊടുത്താൽ ശരിയാവില്ലെന്നും ഷാർജയിൽ കേസ് കൊടുക്കാമെന്നും നാസിൽ പറയുന്നുണ്ട്. നാസിലിനു ചെക്ക് നൽകിയിട്ടില്ലെന്ന തുഷാറിന്റെ വാദം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശങ്ങൾ. തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യിൽ ഉണ്ട്. അയാൾക്ക് കേസ് കൊടുക്കാൻ താല്പര്യമില്ല. കേരളത്തിൽ അഞ്ച് ലക്ഷം രൂപ നൽകിയാൽ ആ ചെക്ക് തന്റെ കയ്യിൽ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. തുഷാർ ഉടൻ ദുബായിയിൽ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി പണം തരും . വെള്ളാപ്പള്ളിയുടെ കൈയിൽ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ്. ആദ്യം പത്ത് ദശലക്ഷം ദിർഹം ചെക്കിൽ എഴുതിചേർക്കാമെന്ന് പറയുന്ന നാസിൽ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്. ഇത് നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു പരിപാടി എന്നും നാസിൽ സുഹൃത്തിനയച്ഛ ശബ്ദ സന്ദേശത്തിൽ ഉണ്ട്. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാർ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താൻ പറഞ്ഞാൽ തുഷാറിന് അത് തെളിയിക്കാൻ കഴിയില്ല. തുഷാറിന്റെ ദൗർബല്യങ്ങൾ താൻ മനസിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും അഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട്നൽകുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസിൽ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. തുഷാറിനെതിരെ ചെക്ക് കേസ് നൽകുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസിൽ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങൾ അയച്ചത്. content highlights:thushar vellappally nasil abdulla


from mathrubhumi.latestnews.rssfeed https://ift.tt/2NJ4StW
via IFTTT