Breaking

Wednesday, September 4, 2019

വിവാഹ രജിസ്‌ട്രേഷൻ: വധുവിന്റെ മതം ബോധ്യപ്പെട്ടു; സർട്ടിഫിക്കറ്റ് നൽകി

ഗുരുവായൂർ:വധുവിന്റെ പേരിലെ ആശയക്കുഴപ്പം കാരണം നഗരസഭ തിരിച്ചയച്ച ദമ്പതിമാർക്ക് ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തു. വധുവിന്റെ രേഖകൾ വീണ്ടും പരിശോധിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ സർട്ടിഫിക്കറ്റ് അനുവദിച്ചത്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രയാസമുണ്ടായതിൽ നഗരസഭയ്ക്കുവേണ്ടി വൈസ് ചെയർമാൻ കെ.പി. വിനോദ് ദമ്പതിമാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട് മുൻ ജില്ലാ കൗൺസിൽ അംഗം അഡ്വ. ആനന്ദ കനകത്തിന്റെയും മകൾ ക്രിസ്റ്റീന എമ്പ്രെസ്സിനാണ് തന്റെ പേര് പൊല്ലാപ്പായത്. ഭർത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ചയാണ് ഗുരുവായൂർ നഗരസഭയിൽ വിവാഹരജിസ്ട്രേഷന് എത്തിയത്. ക്രിസ്റ്റിനയുടേത് കൃസ്ത്യാനിപ്പേരാണെന്നും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്നും പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. ഭരണകക്ഷിയംഗങ്ങളുടെ ശുപാർശകളുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, റേഷൻകാർഡ് തുടങ്ങിയവയെല്ലാം കാണിച്ചെങ്കിലും ഇതിലൊന്നും ഹിന്ദുവാണെന്ന സൂചനയില്ലെന്നായിരുന്നു രജിസ്ട്രാറുടെ വാദം. ഒടുവിൽ എസ്.എസ്.എൽ.സി. ബുക്കുമായി അവർ ചൊവ്വാഴ്ച വീണ്ടുമെത്തി. അതിൽ ഹിന്ദു എന്ന് രേഖപ്പെടുത്തിയത് കണ്ടപ്പോഴാണ് രജിസ്ട്രേഷനുള്ള വഴി തെളിഞ്ഞത്. മകൾക്ക് ക്രിസ്റ്റിന എമ്പ്രെസ്സ് എന്ന് പേരിട്ടത് വിശാലമായ ചിന്തയിലായിരുന്നുവെന്നും നവോത്ഥാനം പ്രസംഗിക്കുന്നവർ ഭരിക്കുന്ന നഗരസഭയിൽനിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അഡ്വ. ആനന്ദകനകം പറഞ്ഞു. കൃഷ്ണനും ക്രിസ്തുവും നബിയും ചേർത്തുള്ളതിന്റെ ചുരുക്കപ്പേരാണ് ക്രിസ്റ്റിന. എമ്പ്രെസ്സ് എന്നാൽ ചക്രവർത്തിനി. മതേതരത്തിന്റെ ചക്രവർത്തിനിയെന്നാണ് ഈ പേരുകൊണ്ടുദ്ദേശിച്ചതെന്നും അവർ പറഞ്ഞു. ഇക്കഴിഞ്ഞ 24-ന് ഗുരുവായൂരിലായിരുന്നു ക്രിസ്റ്റിനയുടെയും ദീപക് രാജിന്റെയും വിവാഹം. കാനഡയിൽ പൈലറ്റായ ദീപക് രാജിന് അടുത്തയാഴ്ച മടങ്ങേണ്ടതിനാൽ ഓരോ ദിവസവും വിലപ്പെട്ടതായിരുന്നു. എങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്. പേരിലെ ആശയക്കുഴപ്പം കാരണം രജിസ്ട്രേഷന് തടസ്സങ്ങളുണ്ടാകുന്നുവെങ്കിൽ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എസ്. രേവതി പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹ രജിസ്ട്രേഷനുകൾ നടക്കുന്ന നഗരസഭയായതുകൊണ്ട് പ്രത്യേകശ്രദ്ധ നൽകുമെന്നും അവർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2HIEtsp
via IFTTT