ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹിൽരമാനി രാജിവെച്ചു. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം കൊളീജിയം നിരസിച്ചു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി വിജയ രാജിസമർപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും വിജയ അയച്ചതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. 2018 ഓഗസ്റ്റ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ നിയമിതയായത്. 2019 ഓഗസ്റ്റ് 28ന് വിജയയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള കൊളീജിയം ശുപാർശ പുറത്തെത്തി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും താഹിൽരമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റാനായിരുന്നു കൊളീജിയം ശുപാർശ. ഇതേ തുടർന്നാണ് പുനഃപരിശോധനാ ആവശ്യവുമായി കൊളീജിയത്തെ അവർ സമീപിച്ചത്. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. content highlights:madras high court chief justice vijaya k tahilramani resigns
from mathrubhumi.latestnews.rssfeed https://ift.tt/2PTCisC
via
IFTTT